ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സോഫ്റ്റ്വെയര് തകരാറിനെ തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. യാത്രക്കാരുടെ പരിശോധനകള്‍ വൈകിയതോടെ വിമാനത്താവളങ്ങളില്‍ ജനത്തിരക്കനുഭവപ്പെട്ടു.
വിവിധ വിമാനത്താവളത്തില്‍ നിന്നുള്ള ഇൻഡിഗോ യാത്രക്കാരുടെ പരിശോധന മണിക്കൂറുകളോളം വൈകി. തകരാര്‍ പരിഹരിക്കാനുളള ശ്രമം തുടരുകയാണെന്ന് കമ്പനി അറിയിച്ചു.
തടസം താത്കാലികമാണെന്നും യാത്രക്കാർക്ക് കഴിയുന്നത്ര വേഗത്തിൽ സേവനങ്ങൾ തിരികെയെത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് നേരിട്ട തടസത്തിന് അധികൃതർ ഖേദം പ്രകടിപ്പിച്ചു.
‘ഞങ്ങളുടെ നെറ്റ്വർക്കിന്റെ പ്രവർത്തനം ഡൗൺ ആയതിന് പിന്നാലെ വെബ്സൈറ്റിനെയും ബുക്കിംഗ് സിസ്റ്റത്തെയും ബാധിച്ചു. ചെക്ക് ഇന്നുകൾക്ക് സമയമെടുക്കും’ എക്സിലെഴുതിയ സന്ദേശത്തിൽ കമ്പനി വ്യക്തമാക്കി. ഇൻ്റർനാഷണൽ ഉൾപ്പെടെ 2000-ലധികം വിമാനങ്ങളാണ് ഇൻഡിഗോ പ്രതിദിനം സർവീസ് നടത്തുന്നത്.