മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച മലപ്പുറം മഞ്ചേരിയിൽ പാർട്ടി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
നാളെ വൈകീട്ട് 6 മണിക്കാണ് മഞ്ചേരിയില്‍ വച്ച് അന്‍വര്‍ വിളിച്ച പൊതുസമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു മതേതര പാര്‍ട്ടിയായിരിക്കും പുതിയ പാര്‍ട്ടി എന്നാണ് പി വി അന്‍വര്‍ പറഞ്ഞത്.
പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന സൂചനകളുണ്ടായിരുന്നു. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് പി.വി. അൻവർ മഞ്ചേരിയിലെ വസതിയിൽ നിന്ന് ചെന്നൈയിലേക്ക് പോയത്. പുതിയ പാർട്ടി രൂപവത്കരിച്ച് ഡി.എം.കെയുമായി സഹകരിച്ച് ഇന്ത്യമുന്നണിയുമായി ചേർന്നു പ്രവർത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്.
അതേസമയം, പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ അംഗമായാല്‍ പി വി അന്‍വര്‍ അയോഗ്യനാക്കപ്പെടും. അന്‍വറിനെ ആയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഏത് എംഎല്‍എയ്ക്കും സ്പീക്കര്‍ക്ക് പരാതി നല്‍കാം. സ്പീക്കര്‍ അന്‍വറില്‍ നിന്ന് വിശദീകരണം തേടും. തൃപ്തികരമല്ലെങ്കില്‍ അയോഗ്യനാക്കി സ്പീക്കര്‍ക്ക് ഉത്തരവിടാം.