കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. കുടുംബത്തെ ബുദ്ധിമുട്ടിക്കുന്ന ഒന്നും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മനാഫ് ഉറപ്പ് നല്കി. ഇരു കുടുംബാംഗങ്ങളേയും ഒന്നിച്ചിരുത്തി നടത്തിയ മധ്യസ്ഥ ചര്‍ച്ചയെതുടര്‍ന്നാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്.
ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഇരു കുടുംബങ്ങളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളുള്ളത്. കണ്ണാടിക്കലിലെ വീട്ടിലെത്തി അർജുന്റെ സഹോദരീ ഭർത്താവ് ജിതിനുമായി മനാഫ് കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് ഇരുകൂട്ടരും പറഞ്ഞു. പറയാനുദ്ദേശിച്ച കാര്യങ്ങളല്ല ആളുകൾ മനസിലാക്കിയതെന്ന് ജിതിൻ ചൂണ്ടിക്കാട്ടി. തന്നെ വർഗീയ വാദിയായി ചിത്രീകരിക്കുന്നതിൽ വിഷമമുണ്ടെന്നും ജിതിൻ പറഞ്ഞു. മനാഫ് സഹോദരൻ മുബീൻ, അർജുന്റെ സഹോദരൻ അഭിജിത്, ജിതിൻ എന്നിവരാണ് ഒരുമിച്ചിരുന്നു സംസാരിച്ചത്.
അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കുമെന്ന വിവരം പുറത്തുവന്നിരുന്നു. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് പറയുന്നത്.
നേരത്തെ മനാഫിനെതിരേ കടുത്ത ആരോപണങ്ങളാണ് കുടുംബം ഉയര്‍ത്തിയത്. കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണംചെയ്യുകയായിരുന്നെന്നും അര്‍ജുന്റെപേരില്‍ പലകോണുകളില്‍നിന്നും മനാഫ് ഫണ്ടുപിരിവ് നടത്തുകയായിരുന്നെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അര്‍ജുന്റെ പേരില്‍ ഒരു പണപ്പിരിവും നടത്തിയിട്ടില്ലെന്ന് മനാഫ് വിശദീകരിച്ചിരുന്നു.