ബലാത്സംഗക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. രാജസ്ഥാനിലെ ഫലോഡി ജില്ലയിലെ ഡെച്ചു പോലീസ് സ്റ്റേഷൻ സർക്കിൾ ഓഫീസർ ശങ്കർ ലാൽ ഛാബയെയാണ് സസ്‌പെൻഡ് ചെയ്തത്. മൂകയും ബധിരയുമായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഫൂൽ സിങാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ തൂങ്ങിമരിച്ചത്.
സംഭവമുണ്ടായതിനു രണ്ടു ദിവസങ്ങൾക്കു ശേഷമാണ് നടപടി. ശങ്കർ ലാലിനെ അടിയന്തരമായി സസ്പെൻഡ് ചെയ്ത് രാജസ്ഥാൻ ഡിജിപി ത്കൽ രഞ്ജൻ സാഹു ഉത്തരവിറക്കി. ശങ്കറിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് സാഹു അറിയിച്ചു. ഫലോഡി ജില്ലയിലെ ഡെച്ചു പട്ടണത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ബലാത്സംഗക്കേസിലെ പ്രതി കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷനിൽ വെച്ച് തൂങ്ങിമരിച്ചത്.
സംഭവത്തിൽ വ്യപക പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷന് വളയുകയും പ്രതിയുടെ മരണം കൊലപാതകമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. മരണപ്പെട്ടയാളുടെ കുടുംബവും പൊലീസിനെതിരെ രംഗത്തുവന്നിരുന്നു. മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച അവർ ഡെച്ചു സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സസ്പെൻഡ് ചെയ്യണമെന്നും കുടുംബാംഗത്തിന് സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ടു. മരണപ്പെട്ടയാളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.