തൃശൂരിലെ എടിഎമ്മുകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രതികളെ നായ്ക്കനാൽ എടിഎമ്മിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. തമിഴ്നാട് നാമക്കലിൽ നിന്നും പിടിയിലായ പ്രതികളെ കഴിഞ്ഞ ദിവസമാണ് തൃശ്ശൂരിലെത്തിച്ചത്.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചുദിവസത്തേക്ക് ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്നലെ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും മോഷണത്തിന് ഉപയോഗിച്ച ആയുധം ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എടിഎമ്മിലെ തെളിവെടുപ്പിന് ശേഷം ആയുധങ്ങളുടെ റിക്കവറി നടത്താനും പ്രതികളെ എത്തിക്കാനാണ് സാധ്യത.
അതേസമയം, മോഷണം നടന്ന മറ്റ് രണ്ട് സ്ഥലങ്ങളിലെ തെളിവെടുപ്പ് പിന്നീടാണ് നടക്കുക. മൂന്ന് കേസുകളും വ്യത്യസ്ത സ്റ്റേഷൻ പരിധികളിൽ ആയതിനാൽ, ഈസ്റ്റ് പോലീസിന്റെ കസ്റ്റഡി കാലാവധി പൂർത്തിയായ ശേഷം വെവ്വേറെയായി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തണം. ഏഴു പ്രതികളിൽ നിലവിൽ അഞ്ചുപേരെയാണ് തൃശ്ശൂരിൽ എത്തിച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ വെച്ച് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾ പരിക്കേറ്റ് ചികിത്സയിലുമാണ്.