മലപ്പുറം: മഞ്ചേരിയിൽ നയവിശദീകരണ യോഗത്തിന് മുൻപ് മാധ്യമങ്ങൾക്ക് തമിഴിൽ മാസ് ഡയലോഗുമായി പിവി അൻവർ. ഡിഎംകെ ബന്ധത്തിന്റെ പേരിൽ ആശങ്ക ഒന്നും ഇല്ലേ എന്ന ചോദ്യത്തിനായിരുന്നു അൻവറിന്റെ തമിഴ് മറുപടി. അത് അപ്പുറം പാക്കലാം അയ്യാ, ഒരു പ്രച്ചനയും ഇരിക്കില്ല എന്നായിരുന്നു അൻവർ നൽകിയ മറുപടി. തമിഴ് മട്ടും താൻ ഇനി പേസും എന്നും പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ് ബന്ധം എപ്പോഴേ ഉറപ്പിച്ചെന്ന് അൻവർ പറഞ്ഞു. യോഗത്തിലേക്ക് ആളുകൾ എത്താതിരിക്കാൻ പൊലീസ് വാഹനം തടയുന്നുണ്ട് അൻവർ ആരോപിച്ചു.
‘ട്രാഫിക് നിയന്ത്രണത്തിന്റെ പേരിൽ കിലോമീറ്ററുകൾക്കപ്പുറത്ത് നിന്ന് തന്നെ പോലീസ് തടയുന്നുണ്ട്. നിലമ്പൂരിൽ നിന്ന് വരുന്നതും പാണ്ടിക്കാട് വഴി മലപ്പുറം വഴി കോഴിക്കോട് വഴി വരുന്ന വാഹനങ്ങളും തടഞ്ഞോണ്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെ തോൽപ്പിക്കാനുള്ള ശ്രമമാണ്. അത് കുഴപ്പമില്ല നടക്കട്ടെ. വേറൊരു തമാശയുണ്ട്, ഡി.എം.കെ.യുടെ സംസ്ഥാന നേതാക്കളുടെ വീടുകളിൽ പോലീസ് എത്തിയിട്ടുണ്ട്. സ്വർണക്കള്ളക്കടത്തുമായി ബന്ധമുണ്ടോ എന്ന് ചോദിച്ച്. അതൊക്കെ കേരളത്തിലെ ജനങ്ങൾ കാണട്ടെ – അദ്ദേഹം പറഞ്ഞു.
ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരള പീപ്പിൾ എന്ന പേരിൽ പുതിയ കൂട്ടായ്മ സമ്മേളനത്തിൽ രൂപീകരിക്കും. മുഴുവൻ മതേതര-ജനാധിപത്യ വിശ്വാസികളും യോഗത്തിൽ പങ്കെടുക്കണമെന്നാണ് ആഹ്വാനം ചെയ്തിട്ടുണ്ട്.
നയപരിപാടികൾ അല്‍പ്പസമയത്തിനകം മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ അവതരിപ്പിക്കും. യോഗത്തിൽ പങ്കെടുക്കാനും അൻവറിന്റെ വാക്കുകൾ കേൾക്കാനും വലിയ ജനക്കൂട്ടമാണ് മഞ്ചേരിയിലെത്തിയിരിക്കുന്നത്.