ചണ്ഡിഗഢ് : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. മൂന്നാംതവണയും സമ്പൂർണ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“ഒക്ടോബർ എട്ടിന് ഞങ്ങൾ സർക്കാർ രൂപീകരിക്കും. തങ്ങളുടെ തോൽവിക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ (ഇവിഎം) കോൺഗ്രസ് കുറ്റപ്പെടുത്തും. വിവേചനമില്ലാതെ എല്ലാ വിഭാഗത്തിനും വേണ്ടി ബിജെപി പ്രവർത്തിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പാർട്ടി പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും”, അദ്ദേഹം പറഞ്ഞു.
“എക്സിറ്റ് പോളുകൾക്ക് അവരുടേതായ സംവിധാനമുണ്ട്. എന്നാൽ ഞങ്ങളുടെ നേതാക്കൾക്ക് ജനങ്ങളുമായി നേരിട്ടാണ് ബന്ധം. മൂന്നാം തവണയും ബിജെപി അധികാരത്തിൽ വരണമെന്നാണ് ഹരിയാനയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്.”- അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം ഹരിയാനയിൽ ഭരണം പിടിക്കുമെന്നാണ് ഇന്നലെ പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. ഹരിയാനയിൽ 90 അംഗ നിയമസഭയിൽ കോൺഗ്രസ് 50ൽ കൂടുതൽ സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. ഭൂരിപക്ഷത്തിന് 45 സീറ്റുകളാണ് വേണ്ടത്.