തെൽ അവീവ്: ഇസ്രായേലിലെ ബീർഷേബ സെൻട്രൽ ബസ് സ്റ്റേഷനിൽ യുവാവ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ച 25കാരിയാണ് മരിച്ചത്. വെടിവെപ്പ് നടത്തിയയാളും കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ ഇസ്രയേലിൽ സാധാരണക്കാർക്കുനേരെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.
ഇസ്രായേലിലെ ലാകിയ നഗരത്തിന് സമീപം താമസിച്ചിരുന്ന അഹ്മദ് അൽ ഉഖ്ബി എന്ന 29കാരനാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വകുപ്പ് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ചികിത്സിച്ചുവരികയാണെന്ന് ഇസ്രായേലിൻ്റെ ദേശീയ എമർജൻസി മെഡിക്കൽ ഡിസാസ്റ്റർ ആംബുലൻസ് ബ്ലഡ് സർവീസ് വിഭാഗമായ മാഗൻ ഡേവിഡ് അഡോം (എംഡിഎ) ജറുസലേം പോസ്റ്റിനെ അറിയിച്ചു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. നാലുപേർക്ക് നിസാരമായ പരിക്കും മൂന്നുപേർക്ക് ചെറിയ പരിക്കുകളുമാണുള്ളത്. ഇവരെ ബീർഷെബയിലുള്ള സൊറോക മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദിവസങ്ങൾക്ക് മുമ്പ് ഇസ്രായേലിലെ തെൽ അവീവിന് സമീപം നടന്ന വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജാഫയിലെ ലൈറ്റ് റെയിൽവേ സ്‌റ്റേഷനു സമീപമാണ് വെടിവെപ്പ് നടന്നത്. വെടിയുതിർത്ത രണ്ടുപേരെ സുരക്ഷാ സേന വധിച്ചിരുന്നു.