കൃത്യമായ ഇടവേളകളിൽ ടോയ്‌ലറ്റ് വൃത്തിയാക്കണം. പതിവായി വൃത്തിയാക്കിയില്ലെങ്കിൽ ഇത് പിന്നീട് ബുദ്ധിമുട്ടായി മാറും. വീടുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഏരിയയാണ് ടോയ്‌ലറ്റുകൾ. ഇവിടെനിന്ന് രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ വൃത്തിയായി സൂക്ഷിക്കുകയും വേണം. ടോയ്ലറ്റ് വൃത്തിയാക്കുന്നതിന് വിപണിയിൽ നിരവധി രാസവസ്തുക്കൾ അടങ്ങിയ ക്ലീനിങ് ഉത്പന്നങ്ങൾ ഉണ്ട്.
പുറമേ നോക്കിയാൽ നിങ്ങൾക്ക് വൃത്തിയായി എന്ന് തോന്നുമെങ്കിലും നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഒരുപാട് കറകളും അണുക്കളും ടോയ്‌ലറ്റിനുള്ളിൽ ഉണ്ടാകാം. ടോയ്‌ലറ്റിന്റെ ഉൾഭാഗം മാത്രമല്ല വൃത്തിയാക്കേണ്ടത്. നിങ്ങളുടെ ടോയ്ലറ്റ് എങ്ങനെയെല്ലാം വൃത്തിയായി സൂക്ഷിക്കാം എന്ന് നോക്കാം..
ബാത്റൂമുകൾ വൃത്തിയാക്കുന്നതിനു വേണ്ടി മാത്രം പ്രത്യേക ക്ലീനിങ് ഉത്പന്നങ്ങൾ കരുതിവയ്ക്കുക എന്നതാണ് ആദ്യപടി. ഇവ വീട്ടിലെ മറ്റൊരു ഭാഗവും വൃത്തിയാക്കുന്നതിനായി ഉപയോഗിക്കരുത്. വൃത്തിയാക്കൽ ആരംഭിക്കുന്നതിനു മുൻപ് കയ്യിൽ ഗ്ലൗസ് ധരിക്കാൻ ശ്രദ്ധിക്കുക.
അണുനാശിനി അടങ്ങിയ ക്ലീനിങ് സൊല്യൂഷൻ ടോയ്ലറ്റ് ബൗളിന്റെ റിമ്മിനു താഴെയുള്ള ഭാഗമടക്കം എല്ലായിടത്തും ഒഴിക്കണം. അതിനുശേഷം വൃത്തിയുള്ള ക്ലീനിങ് ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകാം. അണുനാശിനിയുടെ ഫലം കൃത്യമായി ലഭിക്കാൻ അഞ്ചു മിനിറ്റ് നേരമെങ്കിലും സൊല്യൂഷൻ അതേ നിലയിൽ ബൗളിനുള്ളിൽ തുടരാൻ അനുവദിച്ച ശേഷം മാത്രം ഫ്ലഷ് ചെയ്യുക. ടോയ്ലറ്റ് ബൗൾ ക്ലീനർ കയ്യിലില്ലെങ്കിൽ സാധാരണ ബ്ലീച്ചും വൃത്തിയാക്കലിന് ഉപയോഗിക്കാവുന്നതാണ്.
ടോയ്‌ലറ്റിന്റെ പുറംഭാഗം വൃത്തിയാക്കാൻ അണുനാശിനി അടങ്ങിയ സ്പ്രേകൾ ഉപയോഗിക്കാം. പ്രയോഗിച്ച് 30 സെക്കൻഡിനുള്ളിൽ തന്നെ പ്രവർത്തിച്ചു തുടങ്ങുന്ന ഇത്തരം അണുനാശിനി സ്പ്രേകൾ വിപണിയിൽ ലഭ്യമാണ്. 10 മിനിറ്റ് നേരം കൊണ്ട് ഇവ ടോയ്ലറ്റ് ബൗളിന്റെ പുറംഭാഗം പൂർണ്ണമായും അണുവിമുക്തമാക്കും. ഫ്ലഷ് ടാങ്കിലും ഇവ ഉപയോഗിക്കാവുന്നതാണ്. സ്പ്രേ ചെയ്ത് 10 മിനിറ്റ് കഴിഞ്ഞ് വൃത്തിയുള്ള തുണിയോ സ്പോഞ്ചോ ഉപയോഗിച്ച് തുടച്ചുനീക്കാം. അതിനുശേഷം വെള്ളം ഉപയോഗിച്ച് നന്നായി ടാങ്കും പുറംഭാഗവും കഴുകാനും ശ്രദ്ധിക്കുക. ടോയ്‌ലറ്റ് സീറ്റിനും ടാങ്കിനും ഇടയിലുള്ള ഭാഗവും വൃത്തിയാക്കാൻ മറക്കരുത്.
ടോയ്‍ലറ്റ് സീറ്റ് വൃത്തിയാക്കാനായി ബാത്റൂം ക്ലീനർ ഉപയോഗിക്കാം. മൂടിയുടെയും സീറ്റിന്റെയും ഇരുവശവും അണുനാശിനി കലർന്ന ക്ലീനർ ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം. അതിനുശേഷം സീറ്റ് താഴ്ത്തിവച്ച നിലയിൽ തന്നെ നന്നായി ഉണങ്ങാൻ അനുവദിക്കുക. അണുനാശിനിയടങ്ങിയ വൈപ്പുകൾ ഉപയോഗിച്ച് തുടച്ച് ഫ്ലഷ് ഹാൻഡിലും വൃത്തിയാക്കാം.
കറകളും പാടുകളും അകറ്റാനുള്ള പ്രത്യേക കഴിവ് വെളുത്ത വിനാഗിരിക്കുണ്ട്. ടോയ്‍ലറ്റ് ബൗളിൽ നിന്നും വെള്ളം ഡ്രെയ്ൻ ചെയ്തു കളഞ്ഞശേഷം വാട്ടർ ലൈൻ എത്തുന്നത് വരെ വെളുത്ത വിനാഗിരി ഒഴിച്ചു കൊടുക്കാം. അതിനുശേഷം ടോയ്‌ലറ്റ് അടച്ച് വിനാഗിരി ഒരു രാത്രി മുഴുവൻ അതേനിലയിൽ തുടരാൻ അനുവദിക്കുക. പിന്നീട് അല്പം ബേക്കിങ് സോഡാ ബൗളിലേയ്ക്ക് ഇട്ടുകൊടുക്കുക. ബൗളിൻ്റെ ഉൾഭാഗം ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് വൃത്തിയാക്കി ഫ്ലഷ് ചെയ്ത് നീക്കാവുന്നതാണ്. പെട്ടെന്നുള്ള വൃത്തിയാക്കലിന് വിനാഗിരിയും ബേക്കിംഗ് സോഡയും കലർത്തി ലായിനി തയ്യാറാക്കിയ ശേഷം ഇത് ടോയ്‍ലറ്റ് ബൗളിലേയ്ക്ക് ഒഴിച്ച് ഉരച്ചു കഴുകുക.
ഇടയ്ക്കിടെയുള്ള വൃത്തിയാക്കൽകൊണ്ട് ടോയ്‌ലറ്റ് ഏറെ കാലത്തേയ്ക്ക് അണുവിമുക്തമായി നിലനിൽക്കുമെന്ന് കരുതരുത്. ഓരോ തവണ ഉപയോഗിച്ച ശേഷവും ടോയ്‌ലറ്റ് പ്രദലങ്ങളിൽ ബാക്ടീരിയയും വൈറസുകളും പെരുകാനുള്ള സാധ്യതയുണ്ട്. അതിനാൽ സാധ്യമാവുമ്പോഴൊക്കെ ടോയ്‍ലറ്റ് വൃത്തിയാക്കുക. രണ്ടോ മൂന്നോ ദിവസത്തെ ഇടവേളയിലോ കുറഞ്ഞത് ആഴ്ചയിൽ ഒരു തവണയെങ്കിലുമോ അണുനാശിനി ഉപയോഗിച്ച് ടോയ്‍ലറ്റ് വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
content highlight: remove-stain-from-toilet