ന്യൂഡല്‍ഹി: നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി. ഇന്നുമുതൽ 10 വരെയാണ് മുയിസുവിന്റെ സന്ദർശനത്തിനായാണ് ഇന്ത്യയിലെത്തിയത്.
ഭാര്യ സാജിദ മുഹമ്മദിനൊപ്പം ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് മുയിസു ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ പറന്നിറങ്ങിയത്. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് മുയിസുവിനെ സ്വീകരിച്ചു. രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി മുയിസു കൂടിക്കാഴ്ച നടത്തും.
ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുയിസു എത്തിയിരുന്നുവെങ്കിലും അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. ഇന്ത്യയും മാലദ്വീപിനും ഇടയിലുള്ള ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലും വിവിധ ബിസിനസ് പരിപാടികളിൽ മുയിസു പങ്കെടുക്കും.
നേരത്തേ നല്ല ബന്ധം പുലര്‍ത്തിയിരുന്ന മാലദ്വീപ് അടുത്ത കാലത്തായി ഇന്ത്യയുമായി അത്ര സ്വരചേര്‍ച്ചയിലല്ല. 2023-ല്‍ ‘ഇന്ത്യ ഔട്ട്’ ക്യാംപയിന്‍ നടത്തി അധികാരത്തില്‍ വന്ന നേതാവാണ് മുഹമ്മദ് മുയിസു. ചൈനയോടുള്ള മുയിസുവിന്റെ അതിരുകവിഞ്ഞ ചായ്‌വ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. മാലദ്വീപിലെ ഇന്ത്യന്‍ സായുധസേനയെ പുറത്താക്കണം എന്നുവരെ മുയിസു തെരഞ്ഞെടുപ്പ് കാലത്ത് വാദിച്ചിരുന്നു.