മഞ്ചേരി: പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണയായിട്ടുണ്ടെന്ന് പി.വി.അൻവർ എം.എൽ.എ. മഞ്ചേരിയിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ നയവിശദീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരിൽ ബിജെപി ജയിക്കാൻ കാരണം മുഖ്യമന്ത്രിയാണെന്ന് പിവി അൻവർ കുറ്റപ്പെടുത്തി. തമിഴ്നാട്ടിൽ ബിജെപിയുടെ വരവിനെ സ്റ്റാലിൻ തടഞ്ഞപ്പോൾ കേരളത്തിൽ മുഖ്യമന്ത്രി ബിജെപിക്ക് പരവതാനി വിരിച്ചു കൊടുത്തുവെന്ന് പിവി അൻവർ വിമർശിച്ചു.
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി-സിപിഐഎം കച്ചവടം ഉറപ്പിച്ചെന്ന് പിവി അൻവർ ആരോപിച്ചു. പാലക്കാട് ബിജെപിക്ക് കൊടക്കും. പകരം ചേലക്കരയിൽ ബിജെപി സിപിഐഎമ്മിന് വോട്ട് ചെയ്യുമെന്ന് അൻവർ പറഞ്ഞു. എഡിജിപി അജിത് കുമാർ ആണ് ആസൂത്രണം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
ഇതാണ് കേരളത്തിലെ രാഷ്ട്രീയചിത്രം. ഇതാണ് താൻ പറയുന്ന നെക്സസ്. ഈ രാഷ്ട്രീയ നെക്സസ് തുടർന്നാൽ എന്ത് നീതിയാണ് കേരളത്തിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്? നമ്മളൊക്കെ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണീ നെക്സസിന്റെ വലിപ്പം. ഇതിൽ എല്ലാ പാർട്ടികളുടേയും ഉന്നതരായ നേതാക്കന്മാരുടെയും വിഭാഗങ്ങളുണ്ടെന്നും അൻവർ ആരോപിച്ചു.
ഡി.എം.കെ എന്നത് രാഷ്ട്രീയപ്പാർട്ടിയല്ല. ഒരു സാമൂഹിക മുന്നേറ്റമായി സമൂഹത്തിൽ അനീതിക്കും അക്രമത്തിനുമെതിരെ ഈ നാട്ടിലെ നിഷ്കളങ്കരായ മനുഷ്യരെ അണിനിരത്തിക്കൊണ്ടുള്ള നിയമപരമായ ജനകീയ മുന്നേറ്റമാണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള ഉദ്ദേശിക്കുന്നതെന്നും പി.വി.അൻവർ കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിലെ ഡിഎംകെയുടെ ഭരണത്തെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു സിപിഐഎമ്മിനെ അൻവർ വിമർശിച്ചത്. മതേതരത്വത്തിൻ്റെ ശക്തമായ മുഖമാണ് ഡിഎംകെ എന്ന് അൻവർ പറഞ്ഞു. തമിഴ്‌നാട്ടിൽ 40 ഇൽ നാല്പത് സീറ്റും പിടിച്ചു. ഒരു സീറ്റ് പോലും ബിജെപിക്ക് കൊടുത്തില്ലെന്ന് അൻവർ പറഞ്ഞു. അതേസമയം കേരളം പിണറായി ഭരണത്തിൽ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് അൻവർ കുറ്റപ്പെടുത്തി.