സ്നേക്ക് ഐലൻഡ്, കേൾക്കുമ്പോൾ പാമ്പുകൾ നിറഞ്ഞ ദ്വീപാണോ എന്ന സംശയം എല്ലാവരിലും ഉണ്ടാകാം. പക്ഷേ, പേരിൽ മാത്രം പാമ്പുള്ള ഫിലിപ്പൈൻസിന്റെ അധീനതയിലുള്ള പാലവനിലെ എൽനിഡോയിലാണ് പാമ്പ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. പേരിന്റെ കൗതുകം കൊണ്ടല്ല, ഹൃദയഹാരിയായ കാഴ്ചകൾ കൊണ്ടാണ് സ്നേക്ക് ദ്വീപ് സഞ്ചാരികളുടെ പ്രിയയിടമായി മാറിയത്. ജലത്തിന് മുകളിൽ കാണുന്ന, എസ് രൂപത്തിലുള്ള, മണൽത്തിട്ടയ്ക്ക് പാമ്പിന്റെ രൂപമുള്ളതു കൊണ്ടാണ് ആ പേര് കൈവന്നത്. തദ്ദേശീയവാസികള്‍ക്കിടയിൽ ഇവിടമറിയപ്പെടുന്നത് വിഗാൻ എന്നാണെങ്കിലും വിദേശ സഞ്ചാരികൾ സ്നേക്ക് ദ്വീപെന്ന ഓമനപേരാണ് നൽകിയിരിക്കുന്നത്. ഇവിടുത്തെ പ്രധാനാകര്‍ഷണം എസ് രൂപത്തിലുള്ള മണൽത്തിട്ടയാണ്. സഞ്ചാരികളുടെ കണ്ണുകളിൽ വിസ്‌മയം വിടർത്തുന്ന കാഴ്ചയാണ്.
കടലിനു നടുവിലൂടെ അടുത്ത ദ്വീപുവരെ നീണ്ടതാണ് മണൽത്തിട്ട. ഇത്തരമൊരു കാഴ്ച വളരെ അപൂർവമായതുകൊണ്ടു തന്നെ, സഞ്ചാരികളിലിത് ഏറെ കൗതുകം ജനിപ്പിക്കും.
ഈ മണൽത്തിട്ടയുടെ മനോഹാരിതയ്ക്കും വിസ്മയകാഴ്ചകൾക്കുമപ്പുറം ഏറെ രസകരമായ ഒരു ചെറു ട്രെക്കിങ്ങും ഈ ദ്വീപ് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ചെറിയൊരു മലമുകളിലേക്കാണ് ട്രെക്കിങ്ങ്. കുറച്ചു തെന്നലുള്ളത് കൊണ്ട് തന്നെ സൂക്ഷിച്ചു വേണം യാത്ര. ചെറിയ പടവുകൾ പോലെയുള്ള ഭാഗങ്ങൾ യാത്രയെ സുഗമമാക്കും. നൂറോളം പടവുകൾ കയറി ചെല്ലുമ്പോൾ ഒരു ചെറിയ കുടിൽ കാണുവാൻ സാധിക്കും. അതു കാണുമ്പോൾ തന്നെ മനസിലാക്കാം, മലമുകളിൽ എത്തിച്ചേർന്നുവെന്ന്. കടലിന്റെയും ദ്വീപിന്റെയും വിശാലമായ കാഴ്ചകൾ സമ്മാനിക്കും ആ ട്രെക്കിങ്. മണൽത്തിട്ടയുടെ വ്യക്തമായ കാഴ്ചയും മലമുകളിൽ നിന്നും ആസ്വദിക്കാവുന്നതാണ്.
ഭയം ലേശംപോലുമില്ലാത്തവർക്ക്, മണൽത്തിട്ടയുടെ മുകളിലൂടെ അതായതു കടലിനു നടുവിലൂടെ വേണമെങ്കിൽ നടക്കുകയും ചെയ്യാം. എൽനിഡോയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര മേഖകളിലൊന്നാണ് ഈ സ്നേക്ക് ദ്വീപ്. സഞ്ചാരികൾക്കു ദ്വീപിലേക്ക് എത്തിച്ചേരാനായി ഏറ്റവുമടുത്തുള്ള എയർപോർട്ട് സ്ഥിതി ചെയ്യുന്നത് എൽനിഡോയിലും പ്യൂർട്ടോ പ്രിന്‍സസ്സയിലുമാണ്. ഈ രണ്ടു സ്ഥലങ്ങളും സ്ഥിതിചെയ്യുന്നത് പാലവനിലാണ്. അവിടെ നിന്നും ബസിലോ വാനിലോ എൽനിഡോയിൽ എത്തിചേരാവുന്നതാണ്. എൽനിഡോയിൽ നിന്നും ടൂർ ബി തെരെഞ്ഞെടുത്താൽ, സ്നേക്ക് ദ്വീപ് എന്ന ലക്ഷ്യസ്ഥാനത്ത് എത്താം. സന്ദർശകർക്കായി സൗകര്യങ്ങളെല്ലാമുള്ള റിസോർട്ടുകളും ഹോട്ടലുകളും എൽനിഡോ നഗരത്തിലുണ്ട്. താമസത്തിനായി അവ തെരെഞ്ഞെടുക്കാം. ധാരാളം സമയം സ്നേക്ക് ദ്വീപ് സന്ദർശനത്തിനായി കരുതിവെച്ചിട്ടുണ്ടെങ്കിൽ, പാൻഗുലുഷ്യൻ ദ്വീപ്, പിനാഗ്ബൂയോട്ടാൻ ദ്വീപ്, കഡഗ്ഹാൻ ഗുഹ, കത്തീഡ്രൽ ഗുഹ എന്നിവിടങ്ങളെല്ലാം സഞ്ചാരികൾക്ക് സുന്ദരകാഴ്ചകളൊരുക്കും. ഈ കാഴ്ചകളെല്ലാം കണ്ട് മനസ്സുനിറച്ചുകൊണ്ട് പാലവനിൽ നിന്നു മടങ്ങാം.
STORY HIGHLLIGHTS : snake-island-vigan-island