Travel

ഭീമാകാരമായ കരങ്ങളില്‍ ഒതുങ്ങിയ പാലം; അദ്ഭുത കാഴ്ചയ്ക്ക് പിന്നിലെ കഥ | The-golden-bridge-Ba-na-hills-Da-Nang

ആദ്യത്തെ കാഴ്ചയിൽ തന്നെ അദ്ഭുതപ്പെടുത്തും ഈ പാലം. ഭീമാകാരമായ ഇരുകൈകളിൽ താങ്ങിയെടുത്ത് പോലെയാണിതിന്റെ നിർമിതി. ചുറ്റും പച്ചയണിഞ്ഞു നിൽക്കുന്ന വനം. ടനാങ് നഗരത്തിന്റെ മുഴുവൻ കാഴ്ചകളും ഈ പാലത്തിന്റെ മുകളിൽ നിന്നും ആസ്വദിക്കാമെന്നുള്ളത് കൊണ്ടുതന്നെ വിസ്മയിപ്പിക്കുന്ന ഈ ദൃശ്യങ്ങളാസ്വദിച്ചു കൊണ്ട് നടന്നു നീങ്ങുന്ന ധാരാളമാളുകൾ. തദ്ദേശീയ ഭാഷയിൽ കോ വാങ് എന്ന് വിളിപ്പേരുള്ള ഈ സുവര്ണപാലം വിയറ്റ്നാമിലാണ് സ്ഥിതി ചെയ്യുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് പാലം സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. അന്നുമുതൽ തന്നെ, പാലത്തിന്റെ ശില്പികളെപോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള, അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്.

തങ്ങളുടെ നിർമിതി ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടതിന്റെയും സ്വീകരിക്കപ്പെട്ടതിന്റെയും ആഹ്ലാദത്തിലാണ് കോ വാങിന്റെ നിർമാതാക്കൾ. കാടിനു നടുവിലെ ദൈവത്തിന്റെ കരങ്ങളിലെ പാലം എന്നാണ് സഞ്ചാരികൾ ഈ സുവര്ണപാലത്തിനെ വിശേഷിപ്പിക്കുന്നത്. അതിമനോഹരമാണ് വിയറ്റ്നാമിലെ ടനാങ് എന്ന സ്ഥലം. 1919 ൽ ഫ്രഞ്ചുകാർ ഇവിടെയൊരു ഹിൽ സ്റ്റേഷൻ പണികഴിപ്പിച്ചിരുന്നു. അക്കാലത്തു പണികഴിപ്പിച്ചതാണ് 150 മീറ്റർ നീളമുള്ള സുവർണ പാലം. അന്നുമുതൽ തന്നെ സഞ്ചാരികളുടെ പ്രിയയിടമാണിവിടം. അതിസുഖകരമായ കാലാവസ്ഥയും വനത്തിന്റെ ഭംഗിയുമൊക്കെയാണ് ടനാങിലേക്ക് സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നത്.

വിനോദ സഞ്ചാര സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് ഇവിടെയിപ്പോൾ മെഴുകു മ്യൂസിയവും കോട്ടയും ആരാധനാലയവും കേബിൾ കാറുകളുമൊക്കെ ഒരുക്കിയിട്ടുണ്ട്. സുവർണ പാലം സന്ദർശിക്കാനെത്തിയ ഭൂരിഭാഗം സഞ്ചാരികളുടെയും അഭിപ്രായം ലോകത്തിന്റെ പലഭാഗങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഇത്രയധികം മനോഹരമായ പാലങ്ങൾ അപൂർവമാണെന്നു തന്നെയാണ്. വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടി നിരവധി പദ്ധതികളാണ് വിയറ്റ്നാം ഗവണ്മെന്റ് ചെയ്തു വരുന്നത്. അതിന്റെ ഭാഗമായി സുവർണ പാലം പോലെ തന്നെ ഒരു വെള്ളി പാലവും അവിടെ നിർമിക്കപ്പെടുന്നുണ്ട്. അവിടെയും ഇതുപോലെയുള്ള കൗതുക ‘കൈ’ കാഴ്ചകൾ ഉണ്ടാകുമെന്നാണ് അദ്ഭുതങ്ങൾ കാത്തിരിക്കുന്ന സഞ്ചാരികളുടെ പ്രതീക്ഷകൾ.

STORY HIGHLLIGHTS : The-golden-bridge-Ba-na-hills-Da-Nang