Kerala

‘ഉചിതമായ നടപടി, എൽഡിഎഫിന്‍റെ ഘടക കക്ഷികളുടെ വിജയം’: ബിനോയ് വിശ്വം

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപിക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ചെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാർട്ടി സർവ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. സിപിഐയുടെ മാത്രം വിജയമല്ല ഇത് എൽഡിഎഫിന്റെ ഘടക കക്ഷികളുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് നേതാക്കളെ കണ്ട കാര്യം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പറഞ്ഞതാണ് അദ്ദേഹത്തെ മാറ്റണമെന്ന്. ഉചിതമായ നടപടിയെന്ന് പറഞ്ഞ ബിനോയ് വിശ്വം നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി. എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കപ്പെട്ട എം ആര്‍ അജിത്കുമാര്‍ എപി ബറ്റാലിയന്‍റെ ചുമതലയില്‍ തുടരും. എഡിജിപിക്കെതിരെ ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഇന്നലെയാണ്. ക്രമസമാധാന ചുമതലയില്‍ മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തും.

ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു. നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.