Kerala

‘എഡിജിപിക്കെതിരായ നടപടി വെറും പ്രഹസനം, നാളെ നിയമസഭയിൽ കാണാം’: വിഡി സതീശൻ

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് വെറും പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നാളെ നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഈ നടപടി പോര. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നറിയണമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ സമ്മേളനം നാളെ നടക്കുകയാണ്. അത് ഭയന്നിട്ടാണ് ഈ നടപടി. ഞങ്ങൾ രണ്ട് ആരോപണമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത്. അതിന്‍റെ പേരിലാണ് നടപടിയെങ്കിൽ നേരത്തെ എടുക്കാമായിരുന്നു. അത് കഴിഞ്ഞ് 16 മാസത്തിനുശേഷമാണ് ഇപ്പോൾ നടപടിയുണ്ടായത്. പൂരം കലക്കിയതിന്‍റെ പേരിലാണ് നടപടിയെങ്കിൽ അത് കഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞു. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടി എന്നറിയണമെന്നും വിഡി സതീശൻ പറഞ്ഞു.

ആർ.എസ്.എസിന്റെ ചുമതലയിൽ നിന്ന് ബറ്റാലിയന്റെ ചുമതലയിലേക്കാണ് ഇപ്പോൾ അജിത് കുമാറിനെ മാറ്റിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഉന്നയിക്കപ്പെട്ട ആരോപണത്തിന്റെ പുറത്താണ് മാറ്റിയതെങ്കിൽ അതിന് ആനുപാതികമായിട്ടുള്ള നടപടി അല്ല ഉണ്ടായിട്ടുള്ളത്. അസംബ്ലി തുടങ്ങുമ്പോൾ എന്തെങ്കിലും പറഞ്ഞു പിടിച്ചു നിൽക്കാനുള്ള തന്ത്രം മാത്രമാണ് ഇതെന്നും എന്തൊരു പ്രഹസനമാണ് മുഖ്യമന്ത്രീ ഇതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ബാക്കി തിങ്കളാഴ്ച നിയമസഭയിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.