Kerala

‘അജിത് കുമാറിന്‍റെ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്‍റെ പേര് അൻവറെന്നാ സി.എമ്മേ’; പ്രതികരിച്ച് പി വി അൻവർ

മലപ്പുറം: എഡിജിപി എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി പി.വി അൻവർ.

”അജിത്കുമാറിന്റെ തലയിൽനിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ…പി.വി അൻവർ, പുത്തൻവീട്ടിൽ അൻവർ”-ഫേയ്സ്ബുക്ക് പേജിൽ പോസ്റ്റിട്ടുകൊണ്ടാണ് അൻവറിന്‍റെ പ്രതികരണം.

എഡിജിപിയുടെ ചിത്രവും ചേര്‍ത്തുകൊണ്ടാണ് പ്രതികരണം. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ഉള്‍പ്പെടെ ഗുരുതര ആരോപണം ഉന്നയിച്ചത് പിവി അൻവര്‍ എംഎല്‍എയാണ്. എഡിജിപിക്കെതിരെ ഇന്നും പിവി അൻവര്‍ സാമ്പത്തിക ക്രമക്കേട് ആരോപണം ഉള്‍പ്പെടെ ഉന്നയിച്ചിരുന്നു. എഡിജിപിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് പേടിയാണെന്നായിരുന്നു അൻവറിന്‍റെ ആരോപണം.

ക്രമസമാധാന ചുമതലയിൽനിന്ന് നീക്കിയ എം.ആർ അജിത്കുമാർ സായുധ ബറ്റാലിയന്റെ ചുമതലയിൽ തുടരും. മനോജ് എബ്രഹാമിനാണ് ക്രമസമാധാന വകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് സർക്കാർ നടപടി.