ചെന്നൈ: ഇന്ത്യൻ വ്യോമസേന ചെന്നൈയിലെ മറീന ബീച്ചിൽ നടത്തിയ അഭ്യാസ പ്രകടനം കാണാനെത്തിയവരിൽ നാല് പേർ മരിച്ചു. 20 ഓളം പേർ കുഴഞ്ഞുവീണു. 96 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് ചെന്നൈയിൽ നടന്ന അഭ്യാസ പ്രകടനങ്ങൾ ഏറ്റവും കൂടുതൽ കാണികളെ പങ്കെടുപ്പിച്ചെന്ന ലിംക ബുക്ക് ഓഫ് റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് കൂടിയാണ് നടത്തിയത്. 92-ാമത് വ്യോമസേനാ ദിനാഘോഷത്തിന്റെ ഭാഗമായാണ് മറീന ബീച്ചിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. കുടുംബങ്ങളടക്കം നിരവധി പേർ രാവിലെ 11 മണിയോടെ അഭ്യാസ പ്രകടനങ്ങൾ കാണാനെത്തിയിരുന്നു.
ചീഫ് ഓഫ് എയർ സ്റ്റീഫ് എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ചെന്നൈ മേയർ ആർ പ്രിയ, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പരിപാടി കാണാനെത്തിയിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വ്യോമസേനയുടെ പരിപാടി അവസാനിച്ചത്. ഇതിന് ശേഷം ട്രാഫിക് കുരുക്കഴിഞ്ഞ് ഗതാഗതം സാധാരണ നിലയിലാകാൻ മൂന്ന് മണിക്കൂറോളം സമയമെടുത്തു. അതിനിടെയാണ് മടങ്ങിപ്പോയവരിൽ നാല് പേർ മരിച്ചതും നിരവധി പേർ ആശുപത്രിയിലെത്തിയതും. 16 ലക്ഷത്തോളം ആളുകളെ അണിനിരത്തി ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കാൻ ലക്ഷ്യമിട്ടായിരുന്നു എയർ ഷോ സംഘടിപ്പിച്ചത്.