തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ 9 വരെ എല്ലാ ജില്ലകളിലും മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. ചിലയിടങ്ങളിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
വടക്കൻ കേരളത്തിലും മലയോര മേഖലയിലും ശക്തമായ മഴ ലഭിക്കും. കന്യാകുമാരി തീരത്ത് ഇന്നു രാത്രി 11.30 വരെ ഉയർന്ന തിരയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രം അറിയിച്ചു. തെക്കൻ കേരളത്തിലെ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
അതേസമയം, വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.