India

ഡൽഹി കലാപം: ഉമർ ഖാലിദിന്‍റെയും ഷാർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന വിദ്യാർഥി ആക്ടിവിസ്റ്റ് ഉമർ ഖാലിദ്, ഷാർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് നവീൻ ചൗള, ജസ്റ്റിസ് ശലീന്ദർ കൗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നേരത്തെ ഹരജി കേൾക്കുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് അമിത് ശർമ പിന്മാറിയിരുന്നു.

സ്ഥിരം ജാമ്യം തേടി 2022 മാർച്ചിൽ ഉമർ ഖാലിദ് നൽകിയ ഹരജി വിചാരണ കോടതി തള്ളിയിരുന്നു. മേയ് 28ന് രണ്ടാമത്തെ ജാമ്യാപേക്ഷയും വിചാരണകോടതി തള്ളിയിരുന്നു. തുടർന്ന് ഹൈകോടതിയിലെത്തിയെങ്കിലും സുപ്രിംകോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. ഉമർ ഖാലിദിൻ്റെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഡൽഹി പൊലീസിനോട് കോടതി നിർദേശിച്ചിരുന്നു.

2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപം ആസൂത്രണം ചെയ്തുവെന്നതാണ് ഉമർ ഖാലിദിന്റെ മേലുള്ള കുറ്റം സിഎഎ- എൻആർസി വിരുദ്ധ പ്രക്ഷോഭങ്ങളുടെ മറവിൽ ഡൽഹിയിൽ കലാപമുണ്ടാക്കാൻ മാസങ്ങൾ നീണ്ട ഗൂഢാലോചനയാണ് ഉമർ ഖാലിദും സംഘവും നടത്തിയതെന്നാണ് പോലീസ് ആരോപിക്കുന്നത്. 2020 സെപ്റ്റംബർ 13നാണ് ഉമർ അറസ്റ്റ് ചെയ്യപ്പെടുന്നത്.

ആയുധം കൈവശംവയ്ക്കൽ നിയമം, യുഎപിഎ, കലാപശ്രമം, കൊലപാതകം (302 ഐപിസി), വധശ്രമം ( 307 ഐപിസി), രാജ്യദ്രോഹം (124 എ ഐപിസി), വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുക, തീവ്രവാദ പ്രവർത്തനങ്ങൾ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കൽ എന്നിങ്ങനെ നിരവധി വകുപ്പുകളാണ് ഉമറെന്ന മുപ്പത്തിയാറുകാരനുമേൽ ഭരണകൂടം ചുമത്തിയത്.