കണക്കു കൂട്ടലുകളൊക്കെ എവിടെയോ പാളിപ്പോയെന്ന് മനസ്സിലാക്കിയാണ് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ പ്രതിഷേധിച്ചത്. സഭ ആരംഭിച്ചപ്പോള്‍ ചോദ്യോത്തര വേള ബഹിഷ്‌ക്കരിച്ചു. അത് പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍ അണ്‍സ്റ്റാര്‍ഡ് ആക്കിയെന്ന് ആരോപിച്ചായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കിയതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ചോദ്യോത്തര വേള കഴിഞ്ഞതോടെ അടിയന്തിര പ്രമേയത്തിന്റെ സമയത്ത് വീണ്ടും വിവാദ പരാമര്‍ശം ചര്‍ച്ചയ്‌ക്കെടുക്കണം എന്ന നോട്ടീസാണ് നല്‍കിയിരുന്നത്.
മലപ്പുറം വിഷയത്തില്‍ അടിയന്തിരമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ പ്രതിപക്ഷം വെട്ടിലായി. അടിയന്തിര പ്രമേയ നോട്ടീസിന് സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്നായിരുന്നു പ്രതിപക്ഷം കരുതിയത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ആ നീക്കം പ്രതിപക്ഷത്തെ വല്ലാതെ വിഷമസന്ധിയിലെത്തിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷത്തെ മോശമായി ചിത്രീകരിച്ചുവെന്നും പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ സഭാരേഖയില്‍ നിന്നു നീക്കിയെന്നും കാണിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.
തുടര്‍ന്ന് സഭ പിരിയുകയായിരുന്നു. ഫലത്തില്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് ചര്‍ച്ച ചെയ്യാന്‍ മാറ്റിയ അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാതെ പിരിയുകയായിരുന്നു. ഇതാണ് കെ.ടി ജലീലിന്റെ വെല്ലുവിളിക്ക് ആധാരം. മലപ്പുറം വിഷയം നാളെ വീണ്ടും നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ് മുന്‍ മന്ത്രി കെ.ടി ജലീല്‍ എംഎല്‍എ. മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചു എന്ന് പറഞ്ഞ് ഇന്ന് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ മുഖ്യമന്ത്രി സമ്മതിച്ചത് യു.ഡി.എഫിന് ഇടിത്തീയായി മാറിയതാണ് കാരണം.
കള്ളി പൊളിയുമെന്ന് വന്നപ്പോള്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാലും ചുരുട്ടി ഓടിയെന്നും ജലീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി ജില്ലയില്‍ പിടികൂടിയ സ്വര്‍ണ്ണവും ഹവാല പണവും എത്രയെന്നും അതിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധവും എണ്ണിയെണ്ണിപ്പറഞ്ഞ് പ്രതിപക്ഷത്തെ തേച്ചൊട്ടിക്കാനുള്ള അവസരമാണ് തനിക്ക് നഷ്ടമായത്. യുഡിഎഫ് നേതാക്കളുടെ സ്വര്‍ണ്ണക്കടത്തും ഹവാല ബന്ധവും തുറന്നുകാട്ടപ്പെടുമായിരുന്ന ഇന്നത്തെ ‘സഭാപൂരം’ കലക്കി രക്ഷപ്പെടാമെന്ന് ആരും കരുതണ്ട. ഇതേ പ്രമേയം നാളെ അടിയന്തര പ്രമേയമായി കൊണ്ടുവരാനും ചര്‍ച്ച ചെയ്യാനും പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്നും ജലീല്‍ ചോദിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കള്ളി പൊളിയുമെന്ന് വന്നപ്പോള്‍ പ്രതിപക്ഷം വാലും ചുരുട്ടി ഓടി.
മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചു എന്നു പറഞ്ഞ് ഇന്ന് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ മുഖ്യമന്ത്രി സമ്മതിച്ചത് UDF-ന് ഇടിത്തീയ്യായി. ഇതോടെ വെട്ടിലായ പ്രതിപക്ഷം ചര്‍ച്ച ഒഴിവാക്കാന്‍ നടത്തിയ പൊറാട്ടുനാടകമാണ് തുടര്‍ന്ന് നിയമസഭയില്‍ കണ്ടത്! സഭ നേരെച്ചൊവ്വെ നടന്നാല്‍ ഉച്ചക്ക് പന്ത്രണ്ടുമണിക്ക് UDF-ന്റെ പതിനാറടിയന്തിരം കഴിക്കുമെന്ന് ഭയന്നാണ്, സഭ അലങ്കോലപ്പെടുത്തി അവര്‍ സമ്മേളനം തടസ്സപ്പെടുത്തിയത്. കഴിഞ്ഞ പത്തുവര്‍ഷമായി ജില്ലയില്‍ പിടികൂടിയ സ്വര്‍ണ്ണവും ഹവാല പണവും എത്രയെന്നും അതിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധവും എണ്ണിയെണ്ണിപ്പറഞ്ഞ് പ്രതിപക്ഷത്തെ തേച്ചൊട്ടിക്കാനുള്ള അവസരമാണ് എനിക്കു നഷ്ടമായത്. പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട ഒരാള്‍ ഈ വിനീതനായിരുന്നു.
ഇതേ പ്രമേയം നാളെ അടിയന്തിര പ്രമേയമായി കൊണ്ടുവരാനും ചര്‍ച്ച ചെയ്യാനും പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ? യു.ഡി.എഫ് നേതാക്കളുടെ സ്വര്‍ണ്ണക്കടത്തും ഹവാല ബന്ധവും തുറന്നുകാട്ടപ്പെടുമായിരുന്ന ഇന്നത്തെ ‘സഭാപൂരം’ കലക്കി രക്ഷപ്പെടാമെന്ന് ആരും കരുതണ്ട. വീണ്ടും ഞാന്‍ ചോദിക്കുന്നു? ധൈര്യമുണ്ടോ?.
CONTENT HIGHLIGHTS;If the Malappuram issue had been discussed, the political connections of the accused would have been enumerated and the opposition would have been wiped out; KT Jalil’s challenge to V.D. Will Satheesan take over?