ന്യൂഡൽഹി: ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നത് ഇപ്പോൾ പലരുടെയും പതിവു കാര്യമാണ്. കൃത്യസമയത്ത് അത് ഡെലിവറി ചെയ്യുന്ന ജീവനക്കാരോടുള്ള സമീപനം എന്നാൽ അതിലേറെ വ്യത്യസ്തമാണ്. അതിപ്പോൾ തിരിച്ചറിഞ്ഞിരിക്കുകയാണ് സൊമാറ്റോ സിഇഒ ദീപിന്ദർ ഗോയൽ. കഴിഞ്ഞദിവസം ഡെലിവറി ജീവനക്കാരന്റെ വേഷത്തിൽ ഓർഡറുകൾ ശേഖരിക്കാനും വിതരണം ചെയ്യാനും ഇദ്ദേഹം ഇറങ്ങിയത് വൻ വാർത്ത ആയിരുന്നു. ഇതിന്റെ ഭാഗമായി ഗുരുഗ്രാമിലെ ഒരു മാളിൽ നിന്ന് മോശം അനുഭവം ഉണ്ടായി എന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യ ജിയ ഗോയലിനൊപ്പമാണ് ഒരു ദിവസത്തേക്ക് ഡെലിവറി എക്സിക്യൂട്ടീവിന്റെ വേഷമണിഞ്ഞ് ഓർഡറുകൾ എടുക്കുന്നതിനും വിതരണം ചെയ്യുന്നതിനും പോയത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹവും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു
ഗുരുഗ്രാമിലെ ആംബിയൻസ് മാളിൽ പ്രവർത്തിക്കുന്ന ഹൽദിറാംസ് സ്റ്റോറിൽ നിന്നാണ് സിഇഒക്ക് ഒരു ഓർഡർ കിട്ടിയത്. ആ ദിവസത്തെ രണ്ടാമത്തെ ഓർഡറായിരുന്നു അത്. സാധനം എടുക്കാനായി മാളിലെത്തി അകത്തേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ വഴിയിൽ തടഞ്ഞു. അപ്പുറത്ത് മറ്റൊരു വഴിയിലൂടെ പോകാനായിരുന്നു നിർദേശം. ഇത് കേട്ട് ഇവിടെ പോയി നോക്കിയപ്പോൾ ആ വഴിയിൽ ലിഫ്റ്റില്ല. കാര്യം അതു തന്നെയാണോ എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി പോയി നോക്കിയപ്പോൾ വീണ്ടും തടഞ്ഞു. ഡെലിവറി ജീവനക്കാർ ലിഫ്റ്റോ എസ്കലേറ്ററോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തന്നെയാണ് ഇങ്ങനെ മറ്റൊരു വഴിയിലൂടെ വിടുന്നത്.
During my second order, I realised that we need to work with malls more closely to improve working conditions for all delivery partners. And malls also need to be more humane to delivery partners.
What do you think? pic.twitter.com/vgccgyH8oE
— Deepinder Goyal (@deepigoyal) October 6, 2024
ഒടുവിൽ മൂന്ന് നിലകൾ നടന്നുകയറി സ്റ്റോറിലെത്തി അദ്ദേഹം ഓർഡർ എടുത്തു. വനിതാ സെക്യൂരിറ്റി ഉദ്യോഗസ്ഥ മറ്റൊരു വഴിയിലൂടെ പറഞ്ഞു വിടുന്നതിന്റെയും ഒടുവിൽ പടികയറി പോകുന്നതിന്റെയുമെല്ലാം വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ മാളിൽ പ്രവേശിക്കാനും അവർക്ക് അനുവാദമില്ല. ഓർഡർ കിട്ടാനായി പടികളിൽ കാത്തുനിൽക്കണം. ഡെലിവറി ജീവനക്കാരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്താൻ മാളുകളുമായി കൂടുതൽ ചർച്ച നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതിന് പുറമെ ഡെലിവറി ജീവനക്കാരോട് മനുഷ്യത്വപരമായ സമീപനം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാളുകൾ മാത്രമല്ല മറ്റ് പല അപ്പാർട്ട്മെന്റുകളും ഡെലിവറി ജീവനക്കാരെ ലിഫ്റ്റ് ഉപയോഗിക്കാൻ അനുവദിക്കാറില്ലെന്ന് ആളുകൾ സൊമാറ്റോ സിഇഒയുടെ പോസ്റ്റിന് കീഴിൽ വിശദീകരിക്കുന്നുണ്ട്. ഈ വിവേചനം ആവസാനിപ്പിക്കണമെന്നാണ് സിഇഒയുടെ ആവശ്യം. എല്ലാവരും ഉപയോഗിക്കുന്ന വാതിലുകളും എല്ലാവർക്കും കയറാവുന്ന ലിഫ്റ്റുകളും ഡെലിവറി ജീവനക്കാർക്ക് മാത്രം വിലക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
content highlight: delivery-boy-alleges-denied-access-to-lift-at-mall