പുതിയ മെമു സര്‍വ്വീസിന് മികച്ച പ്രതികരണം നല്‍കി യാത്രക്കാര്‍. കൊല്ലം മുതല്‍ നൂറുകണക്കിന് യാത്രക്കാര്‍ ഓരോ സ്റ്റേഷനിലുമെത്തി മെമുവിന്റെ കന്നിയാത്ര ആഘോഷമാക്കി. കൊടിക്കുന്നില്‍ സുരേഷ് എം പി യും എന്‍ കെ പ്രേമചന്ദ്രന്‍ എം പി യും പ്രഥമ യാത്രയില്‍ കൊല്ലത്ത് നിന്ന് യാത്രക്കാരെ അനുഗമിച്ചു. ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്‌ന് വേണ്ടി സംസ്ഥാന സെക്രട്ടറി ലിയോണ്‍സ് ജെ,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രതീഷ് ബി എന്നിവര്‍ എം പി മാര്‍ക്ക് പൂച്ചെണ്ടുകള്‍ നല്‍കി യാത്രക്കാരുടെ നന്ദി പ്രകാശിപ്പിച്ചു.
ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി സ്റ്റേഷനുകളിലും മധുര പലഹാര വിതരണവും ആര്‍പ്പുവിളികളുമായി മെമുവിനെ സ്വീകരിച്ചു. പുതിയ മെമു സര്‍വീസിന് കോട്ടയം ജില്ലയില്‍ ഏറ്റവും മികച്ച സ്വീകരണമൊരുക്കി ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍. പുഷ്പവൃഷ്ടി നടത്തിയും കളര്‍ ഫോഗുകള്‍കൊണ്ട് വര്‍ണ്ണവിസ്മയം തീര്‍ത്തും മധുര പലഹാരം വിതരണം ചെയ്തും അവിസ്മരണമണീയമായ ദൃശ്യാനുഭവമാണ് യാത്രക്കാര്‍ ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ ഒരുക്കിയത്.
യാത്രക്കാരുടെ പ്രത്യേക ക്ഷണം സ്വീകരിച്ച കൊടിക്കുന്നില്‍ സുരേഷ് എം പി ഏറ്റുമാനൂരിലെ സ്വീകരണയോഗത്തിലും പങ്കെടുത്തു. വേണാടിലെ യാത്രക്കാരുടെ ദുരിതവും യാത്രാക്ലേശം വിവരിക്കുന്ന ദൃശ്യങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് ഏറ്റുമാനൂരില്‍ നിന്നുള്ള യാത്രക്കാരാണ്. യാത്രക്കാരുടെ സ്നേഹാദരുവുകള്‍ ഏറ്റുവാങ്ങിയ അദ്ദേഹം, മെമു കോട്ടയമെത്തുന്നതിന് മുന്‍പേ നിറഞ്ഞുകവിഞ്ഞെന്നും തിരക്കുകള്‍ പുതിയ സര്‍വീസ് നിലനിര്‍ത്തേണ്ട ആവശ്യകത ശരി വെയ്ക്കുന്നതായും അഭിപ്രായപ്പെട്ടു.
യാത്രക്കാര്‍ക്ക് വേണ്ടി ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ജില്ലാ പ്രസിഡന്റ് അജാസ് വടക്കേടം കൊടിക്കുന്നില്‍ സുരേഷ് എം പിയെ പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളം ഭാഗത്തേയ്ക്കുള്ള യാത്രാക്ലേശം പരിഹരിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുകയും മെമു സര്‍വീസ് യഥാര്‍ത്ഥ്യമാക്കുകയും ചെയ്ത കൊടിക്കുന്നില്‍ സുരേഷ് എം പിയെ അസോസിയേഷന്‍ കോട്ടയം ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സര്‍വീസ് അനുവദിച്ച റെയില്‍വേയ്ക്കുള്ള ആദരസൂചകമായി ലോക്കോ പൈലറ്റ് ശ്രീ ഡിന്നിച്ചന്‍ ജോസഫിനെ ഹാരമണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും യാത്രക്കാര്‍ സ്വീകരിച്ചു.
പ്ലാറ്റ് ഫോമിലും ട്രെയിനിലും മധുര പലഹാരം വിതരണം ചെയ്ത യാത്രക്കാര്‍ എറണാകുളം ജംഗ്ഷനില്‍ സംഘടിച്ച് യാത്രക്കാര്‍ നിര്‍ദേശിച്ച, ഏറ്റവും അനുയോജ്യമായ സമയത്ത് സര്‍വീസിന് അനുമതി നല്‍കിയ ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ള നന്ദി പ്രകടിപ്പിച്ചു. എറണാകുളം ജംഗ്ഷന്‍ റെയില്‍വേ മാനേജര്‍ വര്‍ഗീസ് സ്റ്റീഫന്റെ ഓഫീസിലെത്തി യാത്രക്കാര്‍ മധുരം നല്‍കി. എറണാകുളത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് ഉച്ചയ്ക്ക് 01.55 നുള്ള പരശുറാമിനും വൈകുന്നേരം 05.20 നുള്ള വേണാടിനും ഇടയിലെ വലിയ ഇടവേള കൂടി പരിഹരിക്കുന്ന വിധം എറണാകുളത്ത് നിന്ന് തിരിച്ചുള്ള സര്‍വീസ് ക്രമീകരിക്കണമെന്ന് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ലിയോണ്‍സ് ജെ. അഭിപ്രായപ്പെട്ടു.
യാത്രക്കാര്‍ മെമു ഏറ്റെടുത്തതിന്റെ തെളിവാണ് തിരക്കുകള്‍ വിളിച്ചു പറയുന്നതെന്നും അതുകൊണ്ട് തന്നെ അടിയന്തിരമായി 8 കാറില്‍ നിന്ന് 12 കാറിലേയ്ക്ക് ഉയര്‍ത്തണമെന്നും കന്നിയാത്രയില്‍ നിരവധി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷവും എറണാകുളം ജംഗ്ഷനില്‍ ഷെഡ്യൂള്‍ഡ് സമയത്തിന് മുമ്പേ എത്തിയ സാഹചര്യത്തില്‍ സമയക്രമത്തില്‍ മാറ്റം വരുത്താതെ ഓച്ചിറ, കാഞ്ഞിരമറ്റം സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ കൂടി ഉടന്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ മാനേജരെ സമീപിച്ചതായും കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു. സ്വീകരണ പരിപാടികള്‍ക്ക് ലെനിന്‍ കൈലാസ്, യദു കൃഷ്ണന്‍, ബി രാജീവ്, സിമി ജ്യോതി, രജനി സുനില്‍, ആതിര, പ്രവീണ്‍, ഷിനു എം എസ് എന്നിവര്‍ നേതൃത്വം നല്‍കി.
CONTENT HIGHLIGHTS;New MEMU service welcomed by passengers; Unparalleled reception