ഒരു മാസം നീണ്ടുനിൽക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ എട്ടാം എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 26 മുതൽ നവംബർ 24 വരെയാണ് ചലഞ്ച്. പൊതുജനാരോഗ്യ സംരക്ഷണാർഥം ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ആരംഭിച്ച പദ്ധതിയാണ് ഫിറ്റ്നസ് ചലഞ്ച്.
മുപ്പത് ദിവസം, മുപ്പത് മിനിറ്റ് വ്യായാമം. ദുബൈയെ ലോകത്തെ ഏറ്റവും മികച്ച ആരോഗ്യവും സന്തോഷവും ഉള്ള നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2017ലാണ് ദുബൈ ഫിറ്റ്നസ് ചലഞ്ച് പ്രഖ്യാപിച്ചത്. ചലഞ്ചിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വ്യായാമ പരിപാടികളിൽ പങ്കെടുക്കാം.
സൈക്ലിങ്, ഫുട്ബോൾ, നടത്തം, യോഗ, കയാക്കിങ് തുടങ്ങിയ വ്യായാമങ്ങൾ ചലഞ്ചിന്റെ ഭാഗമാണ്. സാൻഡ് ബോർഡിങ് പോലുള്ള സാഹസിക വ്യായാമങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് അതുമാകാം. ചലഞ്ചിന്റെ ഭാഗമായി മൈ ദുബായ് സംഘടിപ്പിക്കുന്ന ദുബൈ റണ്ണിൽ കഴിഞ്ഞ വർഷം 2.26 ലക്ഷം പേരാണ് പങ്കെടുത്തത്. ഇത്തവണ അതിൽ കൂടുതൽ പേർ പങ്കാളികളാകും എന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദുബൈ ഫിറ്റ്നസ് ചലഞ്ച് ഡോട് കോം വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഭാഗ്യശാലികൾക്ക് രണ്ട് അതിഥികളെ ദുബൈയിലേക്ക് കൊണ്ടുവരാനുള്ള അവസരം കിട്ടും. ഹോട്ടൽ താമസം അടക്കമുള്ള രണ്ട് എമിറേറ്റ്സ് ടിക്കറ്റാണ് ഇവരെ കാത്തിരിക്കുന്നത്.