വിദേശ കമ്പനികളുടെ പ്രാദേശിക ആസ്ഥാനം രാജ്യത്താക്കാൻ പുതിയ ടാർഗറ്റ് പ്രഖ്യാപിച്ച് സൗദി അറേബ്യ. 2030നകം പുതിയ 500 കമ്പനികളുടെ ആസ്ഥാനം കൂടി സൗദിയിൽ എത്തിക്കാനാണ് നിക്ഷേപ മന്ത്രാലയത്തിന്റെ ശ്രമം. നേരത്തെ പ്രഖ്യാപിച്ച അഞ്ഞൂറ് കമ്പനികളെന്ന ലക്ഷ്യം പൂർത്തീകരിച്ച സാഹചര്യത്തിലാണ് നടപടി.
2024 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം 517 വിദേശ കമ്പനികൾ അവരുടെ മേഖലാ ആസ്ഥാനം സൗദിയിലേക്ക് മാറ്റിക്കഴിഞ്ഞു. പുതിയ ബജറ്റിന് മുന്നോടിയായുള്ള റിപ്പോർട്ടിലാണ് ഈ നേട്ടം രേഖപ്പെടുത്തിയത്. അതായത് എട്ട് വർഷം കൊണ്ട് നേടേണ്ട ലക്ഷ്യം രണ്ട് വർഷം കൊണ്ട് സൗദി നേടി. ഈ സാഹചര്യത്തിലാണ് പുതിയ അഞ്ഞൂറ് കമ്പനികളെ കൂടി എത്തിക്കുമെന്ന നിക്ഷേപ മന്ത്രാലയത്തിന്റെ പ്രഖ്യാപനം.
ആറായിരത്തോളം നിക്ഷേപ ലൈസൻസുകളും ഈ വർഷം അനുവദിച്ചിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 50% വർധനവാണിത്. സൗദിയിലെ ഗവൺമെൻറ് കരാറുകൾ ഇനി ലഭിക്കണമെങ്കിൽ അന്താരാഷ്ട്ര കമ്പനികൾക്ക് അവരുടെ പ്രാദേശിക ആസ്ഥാനം സൗദിയിലായിരിക്കണം. കിരീടാവകാശിയുടെ മേൽനോട്ടത്തിൽ നടപ്പാക്കിയ ഈ തീരുമാനത്തിന് പിന്നാലെയാണ് വിദേശ കമ്പനികൾ സൗദിയിലെത്തിയത്. നിർമാണ മേഖല, വ്യവസായ, വിദ്യാഭ്യാസം, ഐടി, ഹോട്ടൽ മേഖലകളിലാണ് കൂടുതൽ നിക്ഷേപമെത്തിയത്. ഭക്ഷ്യ മേഖലയിലും ട്രേഡിങ് മേഖലയിലും നിക്ഷേപം കഴിഞ്ഞ വർഷത്തേക്കാൾ വർധിച്ചിട്ടുണ്ട്.