India

മലയാളി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ലക്ഷങ്ങള്‍ തട്ടി! പ്രമുഖ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഹണിട്രാപ്പ്?

പ്രമുഖ വ്യവസായി മുംതാസ് അലിയെ കാണാനില്ല എന്ന വാര്‍ത്ത ഞായറാഴ്ച പുലര്‍ച്ചയാണ് പുറംലോകം അറിയുന്നത്. കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം.ഫാറൂഖിന്റെയും സഹോദരന്‍കൂടിയാണ് മുംതാസ് അലി. മുംതാസ് അലിയെ കാണാനില്ലെന്ന വിവരം ബന്ധുക്കളാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മുംതാസ് അലിയുടെ വാഹനം കുളൂര്‍ പാലത്തില്‍ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിച്ചു.

തുടര്‍ന്നാണ് ഫാല്‍ഗുനി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. എന്‍ ഡി ആര്‍ എഫ് സംഘവും മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പ്പയുടെ സംഘവും സംയുക്തമായി നടത്തിയ തിരച്ചിലില്‍ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. മുംതാസ് അലിയുടെ ഫോണും വാഹനത്തിന്റെ താക്കോലും പുഴയുടെ സമീപപ്രദേശത്തുനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കാറില്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട അലി പുലര്‍ച്ചെ അഞ്ച് മണിയോടെ കുളൂര്‍ പാലത്തിന് സമീപം നിര്‍ത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളുടെ വാഹനം കുളൂര്‍ പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതാണ് പാലത്തില്‍ നിന്ന് ചാടിയതെന്ന സംശയത്തിന് ഇടയാക്കിയത്.

കൂടാതെ അദ്ദേഹം പുലര്‍ച്ചെ തന്നെ തങ്ങളുടെ കുടുംബത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഒരു സന്ദേശം അയച്ചിരുന്നു. വോയിസ് മെസ്സേജില്‍ താന്‍ ഇനി മടങ്ങി വരില്ലെന്നും 50 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്ന് പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹണി ട്രാപ്പ് ആണോ വ്യവസായിയുടെ മരണത്തിന് കാരണമെന്ന് അന്വേഷിച്ച് വരികയാണ് പോലീസ്. റഹ്‌മത്ത് എന്ന മലയാളിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് വ്യവസായിയെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു എന്നും, റഹ്‌മത്തുമായി അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് കണ്ടെത്തലില്‍ പറയുന്നു. കൂടാതെ സംഘം മുംതാസ് അലിയില്‍ നിന്ന് 50 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്നും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഇവര്‍ മുംതാസ് അലിയെ വിളിച്ചിരുന്നു എന്നും പോലീസ് പറയുന്നു.

2024 ജൂലൈ മുതല്‍ ഇവര്‍ 50 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെങ്കിലും ഭീഷണിപ്പെടുത്തുന്നത് തുടരുകയായിരുന്നു എന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്. ആറ് പേര്‍ ചേര്‍ന്ന് ഹണി ട്രാപ്പിലൂടെ വ്യവസായിയെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് കാണിച്ച് മുംതാസ് അലിയുടെ കുടുംബം കാവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കുടുംബം നല്‍കിയ പരാതിയില്‍ മുഖ്യപ്രതികളായ റഹ്‌മത്ത്, കൂട്ടാളികളായ അബ്ദുള്‍ സത്താര്‍, ഷാഫി, മുസ്തഫ, ഷോയിബ്, സിറാജ് എന്നിവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.