ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ അന്തിമഫലത്തിൽ പിഴവില്ലെന്ന് ജൂറി ഓഫ് അപ്പീൽ കമ്മിറ്റി. കാരിച്ചാൽ ചുണ്ടൻ തന്നെയാണു വിജയിയെന്നു പ്രഖ്യാപനം. നടുഭാഗം ചുണ്ടൻ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബും കുമരകം ടൗൺ ബോട്ട് ക്ലബും നൽകിയ പരാതികൾ തള്ളി.
0.005 മൈക്രോ സെക്കൻ്റിൻ്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു. സമയത്തിന്റെ അടിസ്ഥാനത്തിലുള്ള ഫലപ്രഖ്യാപനത്തിൽ അപാകതയില്ലെന്ന് ജൂറി ഓഫ് അപ്പീൽ കമ്മിറ്റി വ്യക്തമാക്കി.
പരാതിക്കാരുടെ വാദം കേട്ടതിനൊപ്പം വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. സ്റ്റാർട്ടിങ്ങിൽ പിഴവില്ലെന്ന് അപ്പീൽ കമ്മിറ്റി അറിയിച്ചു.
രണ്ട് പരാതികളാണ് ലഭിച്ചത്. കുമരകം ടൗൺ ബോട്ട് ക്ലബ് സ്റ്റാർട്ടിങ്ങിൽ പിഴവ് ഉണ്ടെന്നായിരുന്നു പരാതി. പരാതി പുനഃപരിശോധിക്കേണ്ടതില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി വ്യക്തമാക്കി. വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിൻ്റെ പരാതിയും അപ്പീൽ ജൂറി കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പരാതി നിലനിൽക്കില്ലെന്നും അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു.