ലോകത്തിൽ പരിസ്ഥിതി മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്ന ഒരു വിഷയമാണ് അധിനിവേശ സ്പീഷീസുകളെപ്പറ്റി. മറ്റു സ്ഥലത്തു നിന്നുവന്ന് ഒരു അന്യസ്ഥലത്ത് വ്യാപിക്കുന്ന ജീവികളും സസ്യങ്ങളുമാണ് അധിനിവേശ സ്പീഷീസുകൾ. ലോകത്തിലെ ഏറ്റവും വിനാശകാരികളായ അധിനിവേശ ജീവികളിൽ മുൻനിരയിലാണ് കേൻ ടോഡുകളുടെ സ്ഥാനം. കനത്ത വിഷം ശരീരത്തിൽ വഹിക്കുന്ന തവളയിനങ്ങളാണു കേൻ ടോഡുകൾ. അമേരിക്കൻ വൻകരകളിൽ പെറു മുതൽ ടെക്സസ് വരെയുള്ള മേഖലയാണ് ഇവയുടെ ജന്മനാട്. എന്നാൽ കപ്പൽവഴിയുള്ള ചരക്കുനീക്കത്തിന്റെ ഭാഗമായി അമേരിക്കൻ വൻകരകളിൽ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇരുപതാം നൂറ്റാണ്ടിൽ ഇവ എത്തിപ്പെട്ടു.
ഓസ്ട്രേലിയ, കരീബിയൻ പ്രദേശങ്ങൾ തുടങ്ങിയിടങ്ങളിൽ ഇവ ഇന്നൊരു പ്രശ്നമായി മാറിയിരിക്കുകയാണ്. കേൻ ടോഡുകൾക്ക് ആറിഞ്ചോളം വലുപ്പം വയ്ക്കും. മഞ്ഞ, ബ്രൗൺ നിറത്തിലാണ് ഇവ കാണപ്പെടുന്നത്. ഏതെങ്കിലും അപകടാവസ്ഥ തോന്നിയാൽ തലയുടെ പിൻഭാഗത്തു നിന്നു പാൽപോലെയുള്ള ഒരു വിഷവസ്തു കേൻ ടോഡുകൾ പുറപ്പെടുവിപ്പിക്കും. മനുഷ്യരുൾപ്പെടെ മിക്ക മൃഗങ്ങൾക്കും അപകടമുണ്ടാക്കുന്നതാണ്.
ഓസ്ട്രേലിയിയലും മറ്റും കരിമ്പുകൃഷിക്കാരുടെ ആവശ്യപ്രകാരമാണ് കേൻ ടോഡുകളെ കൊണ്ടുവന്നതെന്ന് അഭ്യൂഹമുണ്ട്. അന്ന് കരിമ്പുകൃഷിക്ക് നാശമുണ്ടാക്കിക്കൊണ്ടിരുന്ന കുറേ വിട്ടിലുകളെ ഒതുക്കാൻ കേൻ ടോഡുകൾ കർഷകർക്ക് സഹായകമായി. എന്നാൽ പിന്നീട് കേൻ ടോഡുകൾ തന്നെ വലിയ നാശമായി മാറി ഓസ്ട്രേലിയയിൽ പരിസ്ഥിതിപരമായ പ്രത്യാഘാതങ്ങളുണ്ടാക്കി. കേൻ ടോഡുകൾ ശല്യമുണ്ടാക്കുന്ന മറ്റൊരു രാജ്യം തയ്‌വാനാണ്.
ഇവിടേക്ക് വിനോദവളർത്തലിനു വേണ്ടിയാണ് ഇവയെ എത്തിച്ചതെന്നു കരുതപ്പെടുന്നു. തയ്‌വാന്റെ പരിസ്ഥിതിയിൽ നിലയുറപ്പിച്ച് അപകടകരമായ മാറ്റങ്ങൾക്ക് ഇവ വഴിവച്ചു.തയ്‌വാനിൽ കേൻ ടോഡ് തവളകൾക്ക് പ്രത്യേകിച്ചു ശത്രുക്കളോ വേട്ടക്കാരോ ഇല്ല. അതിനാൽ തന്നെ ഇവപെരുകുകയാണ്. മറ്റുള്ള തവളകളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഇവയുടെ പ്രജനനമെന്നതും വ്യാപനത്തിനു വഴി വയ്ക്കുന്നു. പെൺ കേൻ ടോഡുകൾക്ക് ഒറ്റ റിലീസിൽ മുപ്പതിനായിരം മുട്ടകൾ വരെ നിക്ഷേപിക്കാൻ കഴിയും. മറ്റുള്ള ടോഡ് ഇനം തവളകൾ ഇരപിടിക്കുന്നവയാണ്. എന്നാൽ കേൻ ടോഡുകൾ അവശിഷ്ടങ്ങൾ ഭക്ഷിക്കാനും തയാറാണ്. ഇതും ഇവയ്ക്കു ഭക്ഷണപരമായ മേൽക്കൈ നൽകുന്നു.കേൻ ടോഡുകളെ പിടികൂടാൻ തയ്‌വാൻ പരിസ്ഥിതി മേഖലാ ഉദ്യോഗസ്ഥർ വൻ പദ്ധതി തയാറാക്കിയിട്ടുണ്ട്.
STORY HIGHLLIGHTS: cane-toads-invasive-species-global-impact