കൊച്ചി: ഗുണ്ടാ തലവൻ ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.
നടൻ ശ്രീനാഥ് ഭാസിയെയും നടി പ്രയാഗ മാർട്ടിനെയും ഹോട്ടലിൽ എത്തിച്ചത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഇടപാടിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ബിനു ജോസഫിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിന്റെ മുറിയിൽ ഉണ്ടായിരുന്നു എന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇരുവരെയും പോലീസ് ഉടൻ ചോദ്യം ചെയ്യും.
മറ്റാരും തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ബോബി ചലപതി എന്ന പേരിൽ ഓംപ്രകാശ് മുറിയെടുത്തത് എന്നാണ് പോലീസ് നൽകുന്ന സൂചന. ഇന്റലിജൻസിന്റേയും മറ്റും നിരീക്ഷണത്തിലുള്ള ആളാണ് ഇയാൾ. മൂന്ന് മുറികളും ഒരേപേരിലായിരുന്നു ബുക്ക് ചെയ്തിരുന്നത്.
ലഹരി പാർട്ടിയിൽ പങ്കെടുത്ത 20-ലധികം ആളുകളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഈ ആളുകളെ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
ഇത്തരത്തിലുള്ള ലഹരിപാർട്ടികൾ ഓംപ്രകാശും കൂട്ടാളികളും നേരത്തേയും നടത്തിയിട്ടുണ്ടോ എന്ന കാര്യവും, അത്തരത്തിൽ നടത്തിയിട്ടുണ്ടെങ്കിൽ ആരൊക്കെ പാർട്ടിയിൽ പങ്കെടുത്തു തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ചു വരികയാണ്.
ഹോട്ടലിലെ രജിസ്റ്ററും സി.സി ടിവി ദൃശ്യങ്ങളും ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. കുറെനാളുകളായി ഓം പ്രകാശിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മുത്തൂറ്റ് പോൾ ജോർജ് വധക്കേസ് ഉൾപ്പെടെ ഒട്ടേറെ കൊലക്കേസുകളിലും പാറ്റൂർ ഗുണ്ടാ ആക്രമണ കേസിലും ഓംപ്രകാശ് പ്രതിയാണ്.