ടെഹ്‌റാന്‍: ഒക്ടോബര്‍ 5 ശനിയാഴ്ച രാത്രി ഇറാനിലും ഇസ്രായേലിലും മിതമായ തീവ്രതയിലുള്ള ഭൂചലനം സംഭവിച്ചതിന് പിന്നില്‍ ഇറാന്‍ നടത്തിയ ആണവ പരീക്ഷണമെന്ന് ഊഹാപോഹം. സമയത്തിന്റെ നേരിയ വ്യത്യാസത്തിലാണ് ഇരു രാജ്യങ്ങളിലും ഭൂചലനമുണ്ടായതെന്നാണ് ആണവ പരീക്ഷണ സംശയത്തിന് കാരണമായത്.
ഇറാനിലെ സെംനാന്‍ പ്രവിശ്യയിലെ അരദാന്‍ നഗരത്തിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.4 ആയിരുന്നു തീവ്രത. പ്രാദേശിക സമയം രാത്രി 10:45ഓടെയാണ് ഭൂകമ്പം ഉണ്ടായത്. അതിന്റെ പ്രഭവകേന്ദ്രം ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം ആഴത്തിലായിരുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ടെഹ്റാനിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു.
12 കിലോ മീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് ടെഹ്‌റാൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്‌സിനെ ഉദ്ധരിച്ച് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ഇസ്രായേലില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മിക് സെന്ററിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഭൂകമ്പം ഏകദേശം 12 മണിക്കാണ് സംഭവിച്ചതെങ്കിലും തീവ്രത വളരെ കുറവായിരുന്നു.
ഒക്ടോബർ ഒന്നിന് 180 ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിനു നേരെ ഇറാൻ തൊടുത്തുവിട്ടിരുന്നു. ഇസ്രായേലിന് നേരെയുള്ള ഏറ്റവും വലിയ നേരിട്ടുള്ള ആക്രമണമായിരുന്നു ഇതെന്നാണ് വിലയിരുത്തൽ.