കണ്ണൂർ: എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു നീക്കിയത് എന്തിനെന്ന് സർക്കാർ പിന്നീട് വ്യക്തമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അജിത്കുമാറിന്റെ കാര്യത്തിൽ സർക്കാർ വാക്കു പാലിച്ചു.
അജിത്കുമാറിനെതിരായ നടപടിക്കു കാരണമെന്തെന്ന് രാഷ്ട്രീയം അറിയുന്നവർക്കു മനസ്സിലാകും. നടപടിക്കായി വലിയ സമ്മർദമുണ്ടെന്നാണു മാധ്യമങ്ങൾ എഴുതിക്കൊണ്ടിരുന്നത്. ഒരു സമ്മർദത്തിന്റെയും പ്രശ്നമുണ്ടായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് കിട്ടിയാൽ നടപടിയെടുക്കുമെന്നാണ് സർക്കാർ പറഞ്ഞത്. ആ തീരുമാനം അക്ഷരംപ്രതി നടപ്പാക്കി.
അജിത്കുമാർ– ആർഎസ്എസ് കൂടിക്കാഴ്ചയിൽ വ്യക്തമായ അന്വേഷണം വരും. റിപ്പോർട്ട് കിട്ടിയാൽ അതിനനുസരിച്ചു നടപടിയുണ്ടാകും. എഡിജിപി വിഷയത്തിൽ സിപിഐ സമ്മർദമുണ്ടാക്കിയെന്നു വെറുതേ പറയുന്നതാണ്. ഇക്കാര്യത്തിൽ പാർട്ടിക്ക് സിപിഐ ഒരു കത്തും തന്നിട്ടില്ല – എം.വി.ഗോവിന്ദൻ പറഞ്ഞു.