Kerala

തിരുവമ്പാടിയില്‍ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; യാത്രക്കാരി മരിച്ചു, ഒരാളുടെ നില ഗുരുതരം | ksrtc-bus-accident-thiruvambady

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആര്‍ടിസി മറിഞ്ഞിരിക്കുന്നു. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു. ബസിന്‍റെ മുൻഭാഗത്തിരുന്ന മൂന്നു പേര്‍ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. പുഴയോട് ചേര്‍ന്ന് കീഴ്മേൽ മറിഞ്ഞ നിലയിലാണ് കെഎസ്ആര്‍ടിസി ബസ്. അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന ഏറെ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിക്കാനാണ് ശ്രമം. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്രമം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ ലഭ്യമായിട്ടില്ല. മുക്കത്ത് നിന്ന് തിരുവമ്പാടിയിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. 40ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബസില്‍ ഒരാള്‍ കുടുങ്ങി കിടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും തിരുവമ്പാടിയിലെയും മുക്കത്തെയും ആശുപത്രികളിലേക്കുമാണ് കൊണ്ടുപോയത്.

content highlight: ksrtc-bus-accident-thiruvambady