ഛണ്ഡീഗഡ്: ഹരിയാനയില്‍ മൂന്നാമതും ഭരണം നിലനിര്‍ത്തി ബിജെപി. ജാട്ട് സമുദായത്തിന് മുന്‍തൂക്കമുള്ള മേഖലകളിലടക്കം മുന്നേറ്റം നടത്തിയ ബിജെപി 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സീറ്റ് നിലയിലെത്തി. ഐഎന്‍എല്‍ഡി ഒരു സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് 36 സീറ്റാണ് നേടാനായത്. അതേസമയം ദുഷ്യന്ത് ചൗതാലയുടെ ജെജെപി തകര്‍ന്നടിഞ്ഞു.
തെക്കന്‍ ഹരിയാനയും രാജസ്ഥാനുമായി ചേര്‍ന്നു കിടക്കുന്ന മേഖലയിലാണ് ബിജെപി സീറ്റ് തൂത്തു വാരിയത്. കൂടാതെ ഡല്‍ഹിക്ക് ചുറ്റും കിടക്കുന്ന എട്ട് സീറ്റിലല്‍ ബിജെപി വിജയിച്ചു. ഒപ്പം യുപിയുമായി ചേര്‍ന്നു കിടക്കുന്ന ജാട്ട് സ്വാധീന മേഖലകളില്‍ പകുതി സീറ്റുകളില്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ബിജെപിക്ക് സാധിച്ചു. പഞ്ചാബുമായി ചേര്‍ന്നു കിടക്കുന്ന ജാട്ട്-സിഖ് മേഖലകളിലും മധ്യ ഹരിയാനയിലുമാണ് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നേടാനായത്.
ഒബിസി വിഭാഗത്തില്‍ നിന്നുള്ള സൈനിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി ജാട്ട് ഇതര വോട്ടുകള്‍ സമാഹരിക്കാനുള്ള ബിജെപി നീക്കം വിജയിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അധികാരത്തിലെത്തിയ ഉടന്‍ സ്ത്രീകള്‍ക്ക് അടക്കം പ്രഖ്യാപിച്ച ക്ഷേമപദ്ധതികളും നായബ് സിംഗ് സൈനിയെ സഹായിച്ചിരിക്കുന്നു.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറില്‍ കുത്തനെ ഇടിയുകയായിരുന്നു. ഹരിയാനയില്‍ 90 അംഗ നിയമസഭയില്‍ 46 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെണ്ണിത്തുടങ്ങി ആദ്യ രണ്ട് മണിക്കൂറില്‍ കോണ്‍ഗ്രസ് നടത്തിയത് വന്‍ കുതിപ്പായിരുന്നു. ബിജെപി ചിത്രത്തിലെ ഇല്ലായിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ ബിജെപി തിരിച്ചെത്തുകയായിരുന്നു.