ബെംഗളൂരു: ബെംഗളൂരുവില്‍ അഞ്ചുവയസുകാരന്റെ മരണ കാരണം കേക്കില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെന്ന് സംശയം. കുട്ടിയുടെ മാതാപിതാക്കള്‍ ഗുരുതര അവസ്ഥയില്‍ തുടരുകയാണ്. പഴകിയ ഭക്ഷണം കഴിച്ചതാണ് ബാല്‍രാജുവിന്റെയും നാഗലക്ഷ്മിയുടെയും അപകടനിലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബാല്‍രാജുവിന്റെ വീട്ടില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലങ്ങള്‍ വന്ന ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. സ്വിഗ്ഗിയില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ബാല്‍രാജുവിന്റെയും നാഗലക്ഷ്മിയുടെയും മകനാണ് തിങ്കളാഴ്ച മരിച്ച അഞ്ചുവയസുകാരന്‍.
നഗരത്തിലെ പല ബേക്കറികളില്‍നിന്നായി വ്യത്യസ്ത കേക്കുകളില്‍ നടത്തിയ പരിശോധനയില്‍ ഇവയിലെല്ലാം ക്യാന്‍സര്‍ വരുത്തുന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുള്ളതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മാസംതോറും നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി നടത്തിയ ടെസ്റ്റിങിലാണ് കേക്കില്‍ അപകടകരമായ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതെന്ന് കര്‍ണാടക മന്ത്രി ദിനേഷ് ഗുണ്‍ഡു റാവു പറഞ്ഞു. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.