ന്യൂഡൽഹി: ഹരിയാന വിധി തങ്ങൾക്ക് അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ്. ഇത് ജനാധിപത്യത്തിന്റെ വിജയമല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
വോട്ടെണ്ണൽ ആരംഭത്തിൽ ശക്തമായ മുന്നേറ്റം നടത്തിയ കോൺഗ്രസ്, ഭരണം കൈയിലെത്തി എന്ന് വിചാരിച്ചിരുന്നിടത്ത് നിന്നാണ് അപ്രതീക്ഷിത തിരിച്ചടി ഉണ്ടാകുന്നത്. വോട്ടെണ്ണൽ പുരോഗമിക്കവെ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. മൂന്നാമതും ഹരിയാനയിൽ ബി.ജെ.പി. അധികാരത്തിൽ എത്തി. ഇതിനിടെ വോട്ടെണ്ണലിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് രംഗത്തെത്തി.
ഗ്രൗണ്ടിൽ കണ്ടതിന്റെ വിപരീതമാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ജയറാം രമേശ് വ്യക്തമാക്കി. ഹരിയാനയിലെ അധ്യായം ഇവിടംകൊണ്ട് അവസാനിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘പ്രതീക്ഷിച്ചതിനും വിപരീതമായിട്ടാണ് ഹരിയാനയിൽ സംഭവിച്ചിരിക്കുന്നത്. യാഥാർത്ഥ്യത്തിനെതിരാണ് ഇത്. ഹരിയാനയിലെ ജങ്ങളുടെ മാറ്റത്തിനും അവരുടെ തീരുമാനങ്ങൾക്കുമെതിരാണ് ഈ വിധി. ഈ സാഹചര്യത്തിൽ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. ഇത് കൃത്രിമത്വത്തിന്റെ വിജയമാണ്. ജനഹിതത്തെ അട്ടിമറിച്ചതിന്റെ വിജയം. സുതാര്യവും ജനാധിപത്യപരവുമായ പ്രക്രിയകളുടെ പരാജയമാണ്. ഹരിയാണയിലെ അധ്യായം പൂർത്തിയായിട്ടില്ല’ എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് ഫലം അപ്ലോഡ് ചെയ്യാൻ വൈകിയെന്ന കോൺഗ്രസിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. കോൺഗ്രസ് ആരോപണം ശരിവെക്കുന്ന ഒന്നും കണ്ടെത്തിയില്ലെന്നും ചട്ടപ്രകാരമാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.