Kerala

തനിക്കും കുടുംബത്തിനെതിരായ വിദ്വേഷ പ്രചാരണം, പൊലീസ് നടപടിയെടുത്തില്ല; മുഖ്യമന്ത്രിക്ക് പരാതിയുമായി മനാഫ്

കോഴിക്കോട്: തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തിൽ നടക്കുന്ന വിദ്വേഷ പ്രചരണത്തിൽ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി. തനിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫ് പരാതി നൽകിയത്. ഒക്ടോബർ 2ന് പരാതി നൽകിയിട്ടും ഇതുവരെ കേസെടുത്തില്ലെന്ന് മനാഫ് പരാതിയിൽ ആരോപിക്കുന്നുണ്ട്. മതസ്പർധ വളർത്തുന്ന പ്രചരണം ‌കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും മനാഫ് പറയുന്നുണ്ട്.

ഷിരൂര്‍ മണ്ണിടിച്ചിലില്‍പ്പെട്ട് മരിച്ച അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അര്‍ജുന്റെ കുടുംബം മനാഫിനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളും മനാഫിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചത്. ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പക്ഷം ചേര്‍ന്ന് അഭിപ്രായങ്ങളുന്നയിക്കുകയും അര്‍ജുന്റെ കുടുംബത്തിന് നേരെയും മനാഫിന് നേരെയും സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഇരുകൂട്ടരും തമ്മിലുള്ള നീരസങ്ങള്‍ പറഞ്ഞുതീര്‍ന്നെങ്കിലും സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചരണങ്ങള്‍ തുടരുകയാണെന്നാണ് മനാഫ് പറയുന്നത്.

തന്റെയും അര്‍ജുന്റേയും മതവിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി വിദ്വേഷ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ മനാഫ് പറയുന്നു. ഇത്തരം മെസേജുകള്‍ സമൂഹത്തില്‍ മതസ്പര്‍ധ വളരാന്‍ കാരണമാകുമെന്ന് മനാഫ് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും തന്നേയും തന്റെ കുടുംബത്തേയും തന്റെ മതവിശ്വാസത്തേയും അവഹേളിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മനാഫ് ആവശ്യപ്പെട്ടു.

നേരത്തെ, ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ മനാഫിനെതിരെ കേസെടുത്തെങ്കിലും പിന്നീട് ഒഴിവാക്കി. കുടുംബത്തിനെതിരെ ഉയർന്ന സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കും. അർജുന്‍റെ കുടുംബം നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായാണ് മനാഫിന്‍റെ പേര് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയത്.