World

എഐയുടെ വളർച്ചയ്ക്ക് ന്യൂറൽ‌ നെറ്റ്‌വർക്ക്‌; ​ജോൺ ഹോപ്ഫീൽഡിനും ജിയോഫ്രി ഹിന്റണും ഭൗതികശാസ്ത്ര നൊബേൽ

സ്റ്റോക്ഹോം: 2024ലെ ഭൗതികശാസ്ത്ര നൊബേൽ അമേരിക്കക്കാരനായ ജോൺ ജെ. ഹോപ്ഫീൽഡ്, കനേഡിയൻ ഗവേഷകനായ ജോഫ്രി ഇ. ഹിന്‍റൻ എന്നിവർ പങ്കിട്ടു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ വളർച്ചക്ക് സഹായിച്ച കൃത്രിമ ന്യൂറൽ നെറ്റ്‍വർക്ക് ഗവേഷണത്തിനാണ് പുരസ്കാരം.

നിർമിത ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകൾക്കും കണ്ടുപിടുത്തങ്ങൾക്കുമായാണ് പുരസ്കാരം സമ്മാനിക്കുന്നതെന്ന് സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് അറിയിച്ചു. ഭൗതികശാസ്ത്രത്തിന്റെ സങ്കേതങ്ങൾ ഉപയോഗിച്ചാണ് മെഷീൻ ലേണിങ്ങിന്റെ അടിസ്ഥാനരീതികൾ ഇരുവരും വികസിപ്പിച്ചത്.

1980-കളിൽ നടന്ന ഇരവരുടെയും ഗവേഷണം, AIമേഖലയെ സാരമായി സ്വാധീനിച്ചു. ആധുനിക ഡാറ്റാ പ്രോസസ്സിംഗിനും പാറ്റേൺ തിരിച്ചറിയലിനും ശക്തി നൽകുന്ന സാങ്കേതികവിദ്യകൾ രൂപപ്പെടുത്താൻ ഇവരുടെ ​ഗവേഷണങ്ങൾ സഹായിക്കുന്നു.

ഡേറ്റയിൽ ചിത്രങ്ങളും മറ്റു തരത്തിലുള്ള പാറ്റേണുകളും സംഭരിക്കാനും പുനർനിർമിക്കാനും കഴിയുന്ന അനുബന്ധ മെമ്മറിയാണ് ജോൺ ഹോപ്ഫീൽഡ് രൂപീകരിച്ചത്. ഡേറ്റയിൽ സ്വയം വസ്തുക്കൾ കണ്ടെത്താനും ചിത്രങ്ങളിലെ പ്രത്യേക ഘടകങ്ങൾ തിരിച്ചറിയുന്നതുപോലുള്ള ജോലികൾ ചെയ്യാനും കഴിയുന്ന രീതിയാണ് ജോഫ്രി ഇ. ഹിൻറൻ സൃഷ്ടിച്ചത്.

11 മില്യൺ സ്വീഡിഷ്‌ ക്രോണ (8.3 കോടി രൂപ) ആണ്‌ പുരസ്കാരത്തുക. ഇത് ഇരുവരും തുല്യമായി വീതിക്കും. 14ന്‌ സാമ്പത്തിക ശാസ്ത്ര പുരസ്കാരത്തോടെ ഈ വർഷത്തെ നൊബേൽ പ്രഖ്യാപനം അവസാനിക്കും. ആൽഫ്രെഡ്‌ നൊബേലിന്റെ ചരമദിനമായ ഡിസംബർ പത്തിന്‌ സ്‌റ്റോക്‌ഹോം സിറ്റി ഹാളിലാണ്‌ പുരസ്കാരദാനം.