തിരുവനന്തപുരം: നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് നിർബന്ധമാക്കി. ഇതോടൊപ്പം കാറുകളിൽ കുട്ടികൾക്ക് സീറ്റ്‌ബെൽറ്റും നിർബന്ധമാക്കി. ഇതിന് പുറമേ കുട്ടികൾക്ക് പിൻഭാഗത്ത് പ്രത്യേകം സീറ്റും വേണമെന്ന് ഗതാഗത കമ്മീഷണർ നിർദ്ദേശിക്കുന്നു.
14 വയസ് വരെയുള്ള കുട്ടികൾക്കാണ് കാറിൽ പിന്നിൽ പ്രത്യേക സീറ്റ് തയ്യാറാക്കേണ്ടത്. അതേസമയം 1 മുതൽ 4 വയസ് വരെയുള്ള കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റ് ഘടിപ്പിക്കണം. നാല് വയസിന് മുകളിൽ 14 വയസുവരെയുള്ള കുട്ടികൾക്ക് അവരുടെ ഉയരത്തിന് അനുസരിച്ചായിരിക്കണം സീറ്റ്. 135 സെന്റിമീറ്റർ വരെ ഉയരമുള്ള കുട്ടികൾക്ക് ഈ കാര്യം നിർബന്ധമാണ്.
ഇരുചക്ര വാഹനങ്ങളിൽ പ്രത്യേക ബെൽറ്റ് ഉപയോഗിച്ച് രക്ഷകർത്താക്കളുമായി കുട്ടികളെ ബന്ധിപ്പിക്കും. ഇത് യാത്രക്കിടെ കുട്ടി ഉറങ്ങിപ്പോകുന്നത് അടക്കമുള്ള ഘട്ടങ്ങളിൽ അപകടം കുറയ്‌ക്കുമെന്ന് ഗതാഗത കമ്മിഷണർ അറിയിച്ചു.
ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഈ മാസം സമൂഹ മാധ്യമത്തിലൂടെ ബോധവത്കരണം നടത്തും. പിന്നീട് നിയമലംഘനം നടത്തുന്നവർക്ക് താക്കീത് നൽകാനും ശേഷം ഡിസംബർ മുതൽ പിഴ ഈടാക്കാനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ശിപാർശ ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.