തിരുവനന്തപുരം: മലപ്പുറം പരാമർശ വിവാദത്തിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മറുപടി കത്തയച്ചു. സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്നും മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും വിമർശിച്ചു കൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തെഴുതിയത്.
ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കാര്യങ്ങൾ വിശദീകരിക്കാത്തത് ചട്ടലംഘനമായി കണക്കാക്കുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി. ഒപ്പം താൻ ചോദിച്ച കാര്യങ്ങൾ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റതായും കണക്കാക്കുമെന്നും ഗവർണർ പറയുന്നു.
തൻറെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിർവ്വഹിക്കാൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞ ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് തനിക്കറിയണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. കാര്യങ്ങൾ രാഷ്ട്രപതിയെ അറിയിക്കാൻ വേണ്ടിയാണ് താൻ വിശദീകരണം ആവശ്യപ്പെട്ടതെന്നും ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി.
വിവാദമായ മലപ്പുറം കള്ളക്കടത്ത് പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. നാല് മണിക്ക് രാജ്ഭവനിലെത്താൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിർദ്ദേശം നൽകി. സ്വർണ്ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നത് അടക്കം ദ ഹിന്ദുവിൽ വന്ന അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ നടപടി.
സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം നേരിട്ടെത്തി വിശദീകരണം നൽകാനാണു നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഹാജരായി വിശദീകരണം നൽകണമെന്ന ഗവർണറുടെ നിർദേശം സർക്കാർ തള്ളുകയും ഗവർണർക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഗവർണറുടെ നടപടി ഭരണഘടനാപരമായി തെറ്റാണെന്നായിരുന്നു സർക്കാറിന്റെ വാദം.