Celebrities

‘കാവ്യയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഇപ്പോള്‍ ഒരു പാരയായി മാറി, ഈ തള്ളക്ക് ഇങ്ങനെ ഒരു വോയിസ് വേണോ എന്നൊക്കെ കമന്റുകള്‍ വരുന്നു’: ശ്രീജ രവി

എനിക്കിത്രയും വയസ്സായി

2000ത്തിലധികം സിനിമകള്‍ക്ക് ഡബ്ബിംഗ് ചെയ്തിട്ടുളള കലാകാരിയാണ് ശ്രീജ രവി. സിനിമയ്ക്ക് പുറമെ നിരവധി പരസ്യങ്ങള്‍ക്കും ശ്രീജ ശബ്ദം നല്‍കിയിട്ടുണ്ട്. 1975-ല്‍ ജി. അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്രീജ ആദ്യമായി ഡബ്ബ് ചെയ്തത്. പിന്നീടിങ്ങോട്ട് ധാരാളം നായികമാരുടെ ശബ്ദമായി മാറിയിട്ടുണ്ട്. ഇപ്പോള്‍ സിനിമ അഭിനയത്തിലേക്കും കാലെടുത്ത് വെച്ചിരിക്കുകയാണ് ശ്രീജ. അഭിനയ ജീവിതത്തില്‍ താന്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീജ രവി.

‘കാവ്യ മാധവന്റെ 99% പടങ്ങളും ഡബ്ബ് ചെയ്തിരിക്കുന്നത് ഞാനാണ്. പക്ഷെ സത്യം പറഞ്ഞാല്‍ അതിപ്പോള്‍ എനിക്കൊരു പാരയായി മാറിയിരിക്കുകയാണ്. കാരണം വരനെ ആവശ്യമുണ്ട് എന്ന് പറഞ്ഞ ഒരു പടത്തില്‍ ഞാന്‍ ഒരു റോള്‍ അഭിനയിച്ചിരുന്നു. അതില്‍ എനിക്ക് ഡബ്ബ് ചെയ്തത് ഞാന്‍ തന്നെയാണ്. പക്ഷെ സോഷ്യല്‍ മീഡിയയില്‍ അതിനു വന്ന കമന്റ്‌സ് ഭയങ്കര മോശമായിരുന്നു. ഇതെന്താ കാവ്യയ്ക്ക് ഡബ്ബ് ചെയ്യുന്ന ആളെ കൊണ്ട് ഇവര്‍ക്ക് ഡബ്ബ് ചെയ്യിപ്പിച്ചത്, ഈ തള്ളക്ക് ഇങ്ങനെ ഒരു വോയിസ് വേണോ എന്നൊക്കെയുള്ള കമന്റുകള്‍ വന്നിരുന്നു. ഇപ്പോള്‍ വേറൊരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ ആദ്യം തന്നെ എന്നോട് പറഞ്ഞു, ചേച്ചി ഞങ്ങള്‍ വോയിസ് വേറെ ആരെയെങ്കിലും വെച്ച് ഡബ്ബ് ചെയ്യും എന്ന്. ഞാന്‍ പറഞ്ഞു, അങ്ങനെ ചെയ്യരുത്.. ഞാന്‍ എങ്ങനെയെങ്കിലും എന്റെ വോയിസ് മാറ്റി ചെയ്യാമെന്ന്.’

‘ഇത്രയും ആള്‍ക്കാര്‍ക്ക് ഡബ്ബ് ചെയ്തിട്ട് എനിക്ക് തന്നെ എന്റെ വോയിസ് കൊടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ അത് ഭയങ്കര സങ്കടം അല്ലേ. അതുകൊണ്ട് മാറ്റരുത് ഞാന്‍ തന്നെ ചെയ്യാം എന്നു പറഞ്ഞു. തമിഴിലൊക്കെ എന്റെ വോയിസ് ഞാന്‍ തന്നെയാണ് ചെയ്യുന്നത്. ഇപ്പോള്‍ സെല്‍ഫി എന്ന് പറഞ്ഞ ഒരു പടം റിലീസായി. അതില്‍ അവര്‍ക്ക് കുറച്ച് ഗ്രഫ് വോയിസ് ആണ് വേണ്ടത്. മുസ്ലിം ക്യാരക്ടര്‍ ആയിരുന്നു. ഭയങ്കര സ്വീറ്റ് ആയിട്ടുള്ള സൗണ്ട് വേണ്ട, അമ്മ എന്ന് പറയുമ്പോള്‍ വേറൊരു ഇതാണല്ലോ.. കുറച്ചു ബോള്‍ഡ് ആയിരിക്കണം.. ബേസ് വേണം.. എന്നൊക്കെയുള്ള കോണ്‍സെപ്‌റ് ആണല്ലോ. അപ്പോള്‍ ഞാനും അമ്മയാണ്, എനിക്കിത്രയും വയസ്സായി, എനിക്ക് ഇത്രയും വലിയ മകള്‍ ഉണ്ട്.. പക്ഷേ എന്നാലും സിനിമയില്‍ വരുമ്പോള്‍ അത് വേറൊരു രീതിയാണല്ലോ.’

‘ശാലിനിക്ക് വേണ്ടി ഡബ്ബ് ചെയ്യുമ്പോള്‍ എനിക്ക് ഭയങ്കര പ്രയാസമാണ്. കാരണം ശാലിനി ഭയങ്കര സ്പീഡ് ആണ്. അത് അഭിനയിക്കുന്നത് ഒന്നുമല്ല. അവരുടെ നാച്ചുറല്‍ തന്നെയാണ്. അവര്‍ വളരെ കാഷ്വല്‍ ആയിട്ടാണ് സംസാരിക്കുന്നത്. അവര്‍ നോര്‍മല്‍ ആയിട്ട് സംസാരിക്കുന്നത് തന്നെ ഭയങ്കര സ്പീഡിലാണ്. ഒന്നും മനസ്സിലാകില്ല. അത്രയ്ക്ക് സ്പീഡ് ആണ്. അപ്പോള്‍ ഡബ്ബിംഗ് സമയത്ത് അന്നൊക്കെ ക്ലാരിറ്റി വേണം. ഇങ്ങനെ തുടങ്ങിയാല്‍ ഇങ്ങനെ അവസാനിക്കണം എന്നൊക്കെ ഭയങ്കര ഇതായിരുന്നു.’

‘പക്ഷെ പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍. ആ പടങ്ങളും ഇന്നത്തെ പടങ്ങളും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ക്ക് ചിലപ്പോള്‍ കണ്ടാല്‍ മനസ്സിലാകും. ഇപ്പോള്‍ ക്ലാരിറ്റി അത്രയ്ക്ക് വേണ്ട സിനിമകളില്‍. അങ്ങനെ പറയുമ്പോള്‍ ഒരുപാട് സ്‌ട്രെയിന്‍ ആണ്. കാവ്യ കുറച്ച് നാട്ടിന്‍പുറത്ത് സ്‌റ്റൈല്‍ അല്ലേ അധികവും ചെയ്തിരിക്കുന്നത്. അതുപോലെതന്നെ ഗോപികയ്ക്ക് ഡബ്ബ് ചെയ്യുമ്പോള്‍ ഭയങ്കര പാടാണ്. ഗോപിക ഭയങ്കര സ്പീഡാണ്.’,  ശ്രീജ രവി പറഞ്ഞു.

story highlights: Dubbing Artist Sreeja Ravi about kavya madhavan