Recipe

പതിവ് സ്റ്റൈല്‍ മാറ്റി ഫിഷ് ഫ്രൈ ഇങ്ങനൊന്ന് തയ്യാറാക്കി നോക്കൂ; രുചി ഒട്ടും കുറയില്ല

എല്ലാത്തവണയും മുളകുപ്പൊടി ഇട്ട് തയ്യാറാക്കുന്ന മീന്‍ ഫ്രൈ ആണല്ലേ തയ്യാറാക്കാറ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പച്ചനിറത്തിലുള്ള അരപ്പ് കൊണ്ട് ഒരു രുചികരമായ മീന്‍ ഫ്രൈ നമുക്ക് തയ്യാറാക്കി എടുക്കാം.

ആവശ്യമായ ചേരുവകള്‍

  • മീന്‍
  • ചെറിയ ഉള്ളി
  • വെളുത്തുള്ളി
  • ഇഞ്ചി
  • പച്ചമുളക്
  • മല്ലിയില
  • പുതിനയില
  • ഉപ്പ്
  • മഞ്ഞള്‍പ്പൊടി
  • എണ്ണ

തയ്യാറാക്കുന്ന വിധം

ഒരു മിക്‌സിയുടെ ജാറിലേക്ക് ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, ചെറുതായി അരിഞ്ഞ പച്ചമുളക്, കുറച്ചു മല്ലിയില, പുതിനയില, ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവയിട്ട് നല്ലപോലെ ഒന്ന് പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക. ഇപ്പോള്‍ നമ്മുടെ മീന്‍ വറക്കുന്നതിന് ആവശ്യമായ മസാല തയ്യാറായി കഴിഞ്ഞു. ഈ മസാല വരഞ്ഞു വെച്ചിരിക്കുന്ന മീനിലേക്ക് നല്ലപോലെ പുരട്ടി കൊടുക്കുക. മീനിന്റെ എല്ലാ ഭാഗത്തും മസാല പിടിക്കത്തക്ക തരത്തില്‍ വേണം പുരട്ടാന്‍.

ശേഷം ഈ മീന്‍ ഫ്രിഡ്ജില്‍ കുറച്ചുനേരം അടച്ചു വെയ്ക്കണം. ശേഷം ഇതെടുത്ത് ഒരു പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച്, എണ്ണ നല്ലപോലെ ചൂടായി വരുമ്പോഴേക്കും വരഞ്ഞ് മസാല പുരട്ടി വെച്ചിരിക്കുന്ന മീന്‍ പാനിലേലേക്ക് ഇട്ട് നല്ലപോലെ മൂപ്പിച്ച് എടുക്കാം. തിരിച്ചും മറിച്ചും ഇട്ട് വേവിച്ചെടുക്കണം. നല്ല രുചികരമായ മീന്‍ ഫ്രൈ തയ്യാര്‍.