തിരുവനന്തപുരം: പിവി അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണം നിഷേധിച്ച് സംസ്ഥാന സർക്കാർ. ഗവർണർക്ക് നൽകിയ മറുപടി കത്തിലാണ് ആരോപണം തെറ്റാണെന്നും ഫോൺ സംഭാഷണങ്ങൾ ചോർത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്.
ഫോൺ ചോർത്താൻ വ്യവസ്ഥകളുണ്ടെന്നും അവ പാലിച്ച് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ മാത്രമാണ് ചോർത്തുന്നതെന്നും ഇത് കേസ് അന്വേഷണത്തിലും രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യത്തിലുമാണ് ചെയ്യുന്നത്. എല്ലാത്തിനും കൃത്യമായ രേഖയുണ്ടെന്നും നിയമവിരുദ്ധമായി ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നും ഇന്ന് വൈകുന്നേരം രാജ്ഭവന് കൈമാറിയ മറുപടി കത്തിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി.
അൻവറിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുകയാണ്. ടെലഫോൺ സംഭാഷണങ്ങൾ ചോർത്തുന്നില്ല എന്ന് ഉറപ്പുവരുത്തുന്നുണ്ട്. നിയമവിരുദ്ധമായ ഒരു പ്രവർത്തനവും സർക്കാർ വെച്ചുപൊറുപ്പിക്കില്ല. നിയമത്തിന്റെ കയ്യിൽ നിന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ആരും രക്ഷപ്പെടില്ല തുടങ്ങിയ വിശദീകരണങ്ങളും അവകാശവാദങ്ങളോടെയുമാണ് മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയത്.
സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്നും മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും വിമർശിച്ചു കൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തെഴുതിയത്. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കാര്യങ്ങൾ വിശദീകരിക്കാത്തത് ചട്ടലംഘനമായി കണക്കാക്കുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകിയിരുന്നു.
വിവാദമായ മലപ്പുറം കള്ളക്കടത്ത് പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം നേരിട്ടെത്തി വിശദീകരണം നൽകാനാണു നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഹാജരായി വിശദീകരണം നൽകണമെന്ന ഗവർണറുടെ നിർദേശം സർക്കാർ തള്ളുകയും ഗവർണർക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഗവർണറുടെ നടപടി ഭരണഘടനാപരമായി തെറ്റാണെന്നായിരുന്നു സർക്കാറിന്റെ വാദം.