ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ടിനെ ആക്ഷേപിച്ച് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻഅധ്യക്ഷനും ബി.ജെ.പി. മുൻ എം.പി.യുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. വിനേഷ് ഫോഗട്ട് വിജയിച്ചെങ്കിലും അവരുടെ പാർട്ടി തിരഞ്ഞെടുപ്പിൽ തോറ്റില്ലേ എന്ന് ബ്രിജ് ഭൂഷൺ ചോദിച്ചു. എവിടെ പോയാലും അവിടെ നാശമുണ്ടാക്കുന്നയാളാണ് വിനേഷ് ഫോഗട്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഗുസ്തിക്കാരുടെ പ്രതിഷേധത്തിൽ പങ്കെടുത്ത, ഏറെ ചർച്ച ചെയ്യപ്പെട്ട ഗുസ്തിക്കാർ ഹരിയാനയുടെ ഹീറോകളല്ല. അവർ എല്ലാ ജൂനിയർ ഗുസ്തി താരങ്ങളെ സംബന്ധിച്ചും വില്ലന്മാരാണ്. വിനേഷ് ഫോഗട്ട് ജയിക്കാൻ എന്‍റെ പേര് ഉപയോഗിച്ചെങ്കിൽ അവരെ വിജയിക്കാൻ സഹായിച്ച മഹാനാണ് ഞാൻ. അവൾ വിജയിച്ചു പക്ഷേ, കോൺഗ്രസ് തോറ്റു. അവൾ എവിടെപ്പോയാലും നാശമുണ്ടാക്കും’ -ബ്രിജ് ഭൂഷൺ പറഞ്ഞു.
തനിക്കെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകളെ ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ബ്രിജ് ഭൂഷൺ, ‘ജാട്ട്’ ഭൂരിപക്ഷ സീറ്റുകളിൽ നിരവധി ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചതായും ചൂണ്ടിക്കാട്ടി.
ഹരിയാനയിൽ ബി.ജെ.പിയുടെ ഹാട്രിക് വിജയത്തെ അദ്ദേഹം അഭിനന്ദിച്ചു. കർഷകരുടെയും ഗുസ്തി താരങ്ങളുടെയും പ്രതിഷേധത്തിന്‍റെ പേരിൽ സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നിരവധി ശ്രമങ്ങളുണ്ടായി. പക്ഷേ, ബി.ജെ.പി നിലപാടിനെയാണ് ജനം പിന്തുണച്ചതെന്നും ബ്രിജ് ഭൂഷൺ പ്രതികരിച്ചു. ഒളിമ്പിക്സിൽ പങ്കെടുക്കാൻ വിനേഷ് തട്ടിപ്പ് കാണിച്ചെന്നും മെഡൽ ലഭിക്കാത്തത് ദൈവം നൽകിയ ശിക്ഷയാണെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ബ്രിജ് ഭൂഷൺ അധിക്ഷേപിച്ചിരുന്നു.
ഹരിയാനയിലെ ജുലാന മണ്ഡലത്തിൽനിന്നാണ് വിനേഷ് ഫോഗട്ട് വിജയിച്ചത്. ഗുസ്തി താരമായ വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്‌സില്‍ ഫൈനലിലെത്തിയിരുന്നു. ഫൈനലില്‍ ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് പിന്നീട് ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 65,080 വോട്ടുകളാണ് വിനേഷിന് ലഭിച്ചത്. രണ്ടാംസ്ഥാനത്തുള്ള യോഗേഷ് കുമാറിന് ലഭിച്ചത് 59,065 വോട്ടുകള്‍. ഇതോടെ വിനേഷ് 6015 വോട്ടിന്റെ തിളക്കമുള്ള ജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.