കണ്ണൂർ: മട്ടന്നൂരിൽ ദേശാഭിമാനി ലേഖകനെ മർദിച്ച സംഭവത്തിൽ അഞ്ച് പൊലീസുകാർക്ക് സ്ഥലം മാറ്റം. ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസറെയും നാല് സിവിൽ പൊലീസ് ഓഫീസർമാരെയും കണ്ണൂർ സിറ്റിയിലേക്കാണ് മാറ്റിയത്.
ദേശാഭിമാനി ലേഖകൻ ശരത് പുതുക്കുടി, മട്ടന്നൂർ പോളിടെക്‌നിക് കോളജിലെ തിരഞ്ഞെടുപ്പ് റിപോർട് ചെയ്യുന്നതിനിടെയാണ് പൊലീസ് മർദിച്ചതെന്ന് ആരോപിച്ചിരുന്നു. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും ഭീകരവാദിയെപ്പോലെ വലിച്ചിഴച്ച് ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി മർദിച്ചെന്നും ശരത് ഫേസ്ബുകിൽ കുറിച്ചിരുന്നു.
സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാജി കൈതേരികണ്ടി, സി.പി.ഒമാരായ വി.കെ. സന്ദീപ് കുമാർ, പി. വിപിൻ, സി. ജിനീഷ്, പി. അശ്വിൻ എന്നിവർക്കെതിരെയാണ് നടപടി.
ദേശാഭിമാനി മട്ടന്നൂർ ഏരിയ ലേഖകൻ ശരത് പുതുക്കുടിയെ ഒക്ടോബർ നാലിനാണ് പൊലീസ് മർദിച്ചത്. എസ്.എഫ്.ഐ വിജയ പ്രകടനത്തിനിടെ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് വാഹനത്തിൽ മർദിക്കുന്നത് പകർത്തുകയും ഇതിന് നേതൃത്വം നൽകിയ എ.എസ്.ഐയുടെ പേര് കുറിച്ചുവെക്കുകയും ചെയ്തതിന് പിന്നാലെയാണ് ശരത്തിനെ ഉദ്യോഗസ്ഥർ വലിച്ചിഴച്ച് മർദിച്ചത്.
ദേശാഭിമാനി ലേഖകനാണെന്ന് പറഞ്ഞിട്ടും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി നേതാക്കളെ അടക്കം കേട്ടാലറക്കുന്ന തെറിവർഷം നടത്തിയതായും ക്രൂരമായി മർദിച്ചതായും ശരത് പറയുന്നു. സാരമായി പരിക്കേറ്റ ശരത് ചികിത്സയിലാണ്.