കേരളത്തിന്റെ ഒരു സുവർണ്ണകാലഘട്ടത്തിന്റെ ഓർമ്മയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കുകിഴക്ക് ഭാഗത്തു 22 ഏക്കർ സ്ഥലത്ത് തലയുയർത്തി നിൽക്കുന്ന കുതിരമാളിക കൊട്ടാരം . തഞ്ചാവൂരിൽ നിന്നു വന്ന 5000 ശിൽപികൾ നാല് വർഷത്തോളം രാപകൽ പണിയെടുത്ത് തടിയിൽ തീർത്ത വിസ്മയമാണിത്. മാളികയുടെ മുഖപ്പുകളിലും ഇടനാഴികളിലും വിസ്തൃതങ്ങളായ അകത്തളങ്ങളിലും പോയകാലത്തിന്റെ കലയും സംസ്‌കാരവും ദര്‍ശിക്കാം. കല്ല്, മരം, തേക്ക് എന്നിവ കൊണ്ട് 1846 ലാണ് ഈ കൊട്ടാരം പണിതതെന്നാണ് ചരിത്ര രേഖകള്‍ നല്‍കുന്ന സൂചന. പുത്തന്‍ മാളിക എന്നാണ് ഈ കൊട്ടാരം രേഖകളില്‍ അറിയപ്പെടുന്നതെങ്കിലും കുതിരമാളിക എന്ന പേരിലാണ് ഇത് പ്രസിദ്ധമായത്. തെക്കുഭാഗത്തെ മേല്‍ക്കൂരയെ താങ്ങിനിര്‍ത്തുന്നത് തടിയില്‍ നിര്‍മിച്ച 122 കുതിരകളുടെ രൂപങ്ങളാണ്.
ഈ ശില്പങ്ങളുടെ അപൂര്‍വശേഖരംകൊണ്ടാണ് മാളികയ്ക്ക് കുതിരമാളിക എന്ന പേരുവന്നത്. സ്വാതി തിരുനാളിന്റെ കുട്ടിക്കാലം പദ്മ തീർഥക്കരയിലെ വലിയ കൊട്ടാരത്തിലുള്ള കുഴി മാളികയിലായിരുന്നു. രാജാവായതോടെ കുതിരമാളികയിലേക്കു അദ്ദേഹം താമസം മാറ്റി. സ്വാതി തിരുനാള്‍ സംഗീതകാവ്യങ്ങള്‍ രചിച്ചത് മാളികയുടെ അമ്പാരിമുഖപ്പിലിരുന്നായിരുന്നു. ഇവിടെ നിന്നാല്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ഗോപുരവും കൊടിമരവും ദര്‍ശിക്കാമെന്ന പ്രത്യേകതയുമുണ്ട്. ഒറ്റക്കല്ലിൽ തീർത്ത തൂണുകളും, മേൽക്കൂരകളും മച്ചിലും വാതിലുകളിലും മറ്റും തത്ത, മയിൽ,ആന,വ്യാളി എന്നിവയുടെ തടിയിലെ ചിത്രപ്പണികളും കുതിരമാളികയെ വേറിട്ടതാക്കുന്നു.രണ്ട് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ചാർക്കോളും ലൈം സ്റ്റോണും മുട്ട വെള്ളയും ചേർത്ത് മിനുക്കിയെടുത്ത കൊട്ടാരത്തിന്റെ അകത്തളങ്ങളിലൂടെ നടക്കുമ്പോൾ അഭിമാനവും , ഒപ്പം അൽപ്പം അഹങ്കാരവും ഏതൊരു മലയാളിക്കും തോന്നും .
ബല്‍ജിയം ഗ്ലാസുകളാല്‍ നിര്‍മിതമായ ആള്‍ കണ്ണാടികള്‍, പെയിന്റുകള്‍, സ്ഫ്ടിക നിര്‍മിതമായ അലങ്കാര വസ്തുക്കള്‍, രാജ വിളമ്പരം പുറപ്പെടുവിക്കുന്ന ചെണ്ട ആനക്കൊമ്പിലും സ്ഫടികത്തിലും നിര്‍മിച്ച സിംഹാസനങ്ങള്‍ എന്നിവ ആരെയും ആകര്‍ഷിക്കും. 80 മുറികളുള്ള മാളികയുടെ മുകള്‍ത്തട്ടിലെല്ലാം ചിത്രാലംകൃതമായ കൊത്തുപണികളുണ്ട്. ആധുനിക ശബ്ദ ക്രമീകരണ സംവിധാനങ്ങള്‍ പ്രചാരത്തില്‍ വരുന്നതിനുമുമ്പ് നിര്‍മ്മിക്കപ്പെട്ട ഈ മണ്ഡപത്തില്‍ ശബ്ദ ക്രമീകരണത്തിനായി മേല്‍ത്തട്ടില്‍ നിന്ന് കമഴ്ത്തി തൂക്കിയിട്ട നിലയില്‍ മണ്‍കുടങ്ങള്‍ കാണാവുന്നതാണ്. 1846-ല്‍ സ്വാതിയുടെ മരണശേഷം ഒരു നൂറ്റാണ്ടിലേറെ കാലം . കുതിരമാളിക ഉപയോഗിക്കാതെ കിടന്നു. 1995-ല്‍ രാജകുടുംബത്തിന്റെ ചരിത്രം വെളിപ്പെടുത്തുന്ന രാജകീയവസ്തുക്കളുടെ പ്രദര്‍ശന മ്യൂസിയം ട്രസ്റ്റാണ് മാളികയില്‍ തുറന്നത്. സ്വാതി തിരുനാള്‍ ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങള്‍, 24 ആനക്കൊമ്പുകളില്‍ നിര്‍മിച്ച ദന്തസിംഹാസനം, സ്ഫടികസിംഹാസനം, ദന്തനിര്‍മിതമായ തൊട്ടിലുകള്‍, വിവിധതരം ആയുധങ്ങളുടെ ശേഖരം എന്നിവ പ്രദര്‍ശനവസ്തുക്കളില്‍ ആകര്‍ഷകമാണ്.
സ്വാതി തിരുനാള്‍ ഉപയോഗിച്ചിരുന്ന ഗ്രന്ഥശാല, നൃത്തമണ്ഡപം എന്നിവയും മാളികയില്‍ കാണാം. 13-ാം നൂറ്റാണ്ടിലെ ചോളഭരണകാലത്തെ അപൂര്‍വമായ വെങ്കലശില്പങ്ങള്‍ ഉള്‍പ്പെടെ പുറമേ നിന്നുള്ള ചരിത്രവസ്തുക്കളും നവീകരിച്ച മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മ്യൂസിയോളജിസ്റ്റായ സതീഷ് സദാശിവന്റെ മേല്‍നോട്ടത്തിലാണ് മാളിക നവീകരിച്ചത്. ഒരു കോടിയിലേറെ ചെലവിട്ട് രണ്ട് വർഷം മുൻപ് കൊട്ടാരം പുതുക്കി പണിതിരുന്നു . ദിവസേന 400ലേറെ സന്ദര്‍ശകര്‍ മാളിക കാണാനെത്തുന്നുണ്ട്. നേരത്തെ നിരവധി സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മാളികയുടെ സുരക്ഷ കരുതി ഇപ്പോള്‍ ചിത്രീകരണം അനുവദിക്കുന്നില്ല .
STORY HIGHLLIGHTS: Remembering the golden age of Kerala; The wonder of kuthiramalika