തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസം കൂടി പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. തെക്കൻ കേരളത്തിൽ, അറബിക്കടലിനു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി മാറിയതാണു മഴ കനക്കാൻ കാരണം. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ടാണ്.
കേരളത്തിന്റെ തീരപ്രദേശത്തും കടലിലും മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 വരെ വേഗത്തിൽ കാറ്റു വീശാനും കള്ളക്കടൽ പ്രതിഭാസത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മീൻ പിടിത്തത്തിനു വിലക്കുണ്ട്. മത്സ്യത്തൊഴിലാളികൾ പൂർണ ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമുണ്ടായാൽ മാറി താമസിക്കണം.