തിരുവനന്തപുരം: സംഘപരിവാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിനെ വിടാതെ പ്രതിപക്ഷം.തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പൂരം കലക്കലിലെ ത്രിതല അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന നിലപാടാണ് സർക്കാർ ഇന്നലെ സ്വീകരിച്ചത്.
റേഷൻ കടകളിലെ മസ്റ്ററിങ്ങ്, നാലുവർഷം ഡിഗ്രി കോഴ്സുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവ സഭയിൽ ഉയർന്നുവരും. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്രസർക്കാർ നിലപാടിനെതിരായ സംസ്ഥാന സർക്കാരിന്റെ നിലപാടുമായി ബന്ധപ്പെട്ട പ്രമേയവും മുഖ്യമന്ത്രി അവതരിപ്പിക്കും. പ്രവാസി ക്ഷേമ ബില്ലും ഇന്ന് സഭയുടെ പരിഗണനയ്ക്ക് വരും.
അതേസമയം നിലമ്പൂർ എംഎൽഎ പിവി അൻവർ ഇന്ന് നിയമസഭയിൽ എത്തും. എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കിയതിനു ശേഷം ആദ്യമായിട്ടാണ് സഭയിൽ എത്തുന്നത്. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ അൻവർ എംഎൽഎ ഹോസ്റ്റലിൽ ഉണ്ടായിരുന്നെങ്കിലും നിയമസഭയിൽ എത്തിരുന്നില്ല. ഭരണ- പ്രതിപക്ഷത്തിന് ഇടയിൽ നാലാം നിരയിലാണ് അൻവറിന് ഇരിപ്പിടം അനുവദിച്ചിരിക്കുന്നത്. അൻവറിന്റെ കത്ത് പരിഗണിച്ചാണ് തീരുമാനം.