Kerala

അലൻ വാക്കർ ‍ഷോയ്ക്കിടെ മോഷണം: ഫോണുകൾ കവർന്നത് ഉത്തരേന്ത്യൻ സംഘം | Alan Walker Show: Phones Were Stolen by North Indian Gang

കൊച്ചി: പ്രശസ്ത സംഗീത‍ജ്ഞൻ അലൻ വാക്കർ ബോൾഗാട്ടിയിൽ നടത്തിയ സംഗീതനിശയ്ക്കിടെ മോഷണം പോയ 34 ഫോണുകൾ കവർന്നത് ഉത്തരേന്ത്യൻ സംഘമെന്നു നിഗമനം. മോഷണം പോയ ഫോണുകളിൽ ചിലതിന്റെ ലൊക്കേഷൻ മുംബൈയാണെന്ന് സൈബർ സെൽ പരിശോധനയിൽ കണ്ടെത്തി. മങ്ങിയ വെളിച്ചത്തിൽ തിങ്ങി നിറഞ്ഞു നൃത്തം ചെയ്തവരുടെ പോക്കറ്റടിച്ചും ബാഗുകൾ തുറന്നുമാണ് 21 ഐഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളും തട്ടിയെടുത്തത്.

ഷോയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുത്താണു മോഷ്ടാക്കൾ പരിപാടി നടന്ന ബോൾഗാട്ടി മൈതാനത്തു പ്രവേശിച്ചതെന്നാണു കരുതുന്നത്. സംഘം വിമാനത്തിലോ ട്രെയിനിലോ എത്തിയിരിക്കാം. ഇവർ കൊച്ചിയിലെത്തിയതും മടങ്ങിയതും എങ്ങനെയാണെന്നുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഘാംഗങ്ങളിൽ ആരെങ്കിലും കൊച്ചിയിൽ തുടരുന്നുണ്ടോയെന്നും അന്വേഷിക്കുന്നു.

ഷോ നടന്ന സ്ഥലത്തിന്റെ ഇരു ഭാഗങ്ങളിലായി ഉണ്ടായിരുന്ന 48 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കേസന്വേഷണത്തിനു മുളവുകാട് എസ്എച്ച്ഒ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. എസ്‌ഐ കെ.എക്‌സ്. തോമസ്, സിപിഒമാരായ വിപിൻ, ദിലീപ്, അരുൺ ജോഷി എന്നിവരും സംഘത്തിലുണ്ട്. സൈബർ സെല്ലിന്റെ സഹകരണത്തോടെയാണ് അന്വേഷണം.