ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി ഡി–ചൗക്കിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെതിരെ പുതിയ കേസ്. കൊലപാതകശ്രമത്തിനുള്ളതു കൂടാതെ ഭീകരവിരുദ്ധ വകുപ്പുകളും ചുമത്തിയുള്ള കേസിൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ മുഖ്യമന്ത്രി അലി അമിൻ ഗണ്ഡപുരും പ്രതിയാണ്. ഒരു വർഷത്തിലേറെയായി ഇമ്രാൻ അഡിയാല ജയിലിലാണ്.
വെള്ളിയാഴ്ചത്തെ റാലി തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരുമായി പിടിഐ പ്രവർത്തകർ ഏറ്റുമുട്ടിയപ്പോഴാണ് കോൺസ്റ്റബിൾ അബ്ദുൽ ഹമീദ് കൊല്ലപ്പെട്ടത്. ഇതേ പ്രകടനത്തിൽ പങ്കെടുത്ത ഇമ്രാന്റെ 2 സഹോദരിമാർ പൊലീസ് കസ്റ്റഡിയിലാണ്.