ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഒമർ അബ്ദുല്ല തന്നെ മുഖ്യമന്ത്രിയാവും. ഉപമുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. മൂന്ന് അംഗങ്ങളുള്ള പിഡിപിയെയും സഖ്യത്തിൽ ഉൾപ്പെടുത്താൻ നീക്കം ആരംഭിച്ചു. ഹരിയാനയിൽ മൂന്നാം തവണയും വിജയിച്ച ബിജെപി ,നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കും. കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയിൽ സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന് കുമാരി ഷെൽജ ആവശ്യപ്പെട്ടു.
പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തെ ജനം അംഗീകരിക്കുന്നില്ലെന്നതിനു തെളിവാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും ഫാറൂഖ് അബ്ദുല്ല കഴിഞ്ഞ ദിവസം പറഞ്ഞു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ പോരാടും. ജയിലിൽ കഴിയുന്ന നിരപരാധികളെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കും. മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കും. ഹിന്ദുക്കൾക്കും മുസ്‍ലിംകള്‍ക്കുമിടയിൽ വിശ്വാസം വളർത്തിയെടുക്കും. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.