‘ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത്’ ഇതാണ് നിലമ്പൂര്‍ MLA പി.വി അന്‍വറിന്റെ നിലപാട്. അതുകൊണ്ടു തന്നെ ചെയ്യുന്ന പ്രവൃത്തിയും വായില്‍ വരുന്നതുമെല്ലാം മൂര്‍ച്ചയുള്ള ആയുധങ്ങള്‍ക്കു സമമായിരിക്കും. ഇന്ന് നിയമസഭയില്‍ വന്നതു തന്നെ എതിര്‍പ്പിനെ എതിര്‍ക്കാന്‍ വേണ്ടി തയ്യാറായാണ്. എന്നാല്‍, അദ്ദേഹത്തിന് പ്രത്യേകം ബ്ലോക്ക് അനുവദിച്ചതോടെ എതിര്‍ക്കാനെത്തിയ അന്‍വര്‍ ഒന്നു ചെയ്യാതെ നിയമസഭയ്ക്കു പുറത്തുവന്നപ്പോള്‍ മാധ്യമങ്ങള്‍ പിടിച്ചു.
കിട്ടുന്നതെന്തും ചൂടപ്പം പോലെ വിറ്റുപോകുമെന്നതിനാല്‍ മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചു. പറഞ്ഞു പറഞ്ഞ് അന്‍വര്‍ വളരെ പ്രകോപിതനായി മാറാന്‍ അധികം സമയം വേണ്ടിവന്നില്ല. മുഖ്യമന്ത്രിയല്ല, ‘മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും മറുപടി പറയും’ എന്നുവരെ പറയേണ്ട സ്ഥിതിയിലേക്കെത്തി. ഇനിയും പറയാനുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞാണ് അന്‍വര്‍ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സിലേക്കു പോയത്. പക്ഷെ, പിന്നീട് ചിന്തിച്ചപ്പോഴാണ് അന്‍വറിന് തെറ്റു പറ്റിയെന്നു ബോധ്യമായത്.
നിയമസഭയിലോ രാഷ്ട്രീയത്തിലോ ഇല്ലാത്ത മുഖ്യമന്ത്രിയുടെ അപ്പനെയും അപ്പന്റെ അപ്പനെയും പറഞ്ഞത് ശരിയായില്ല. രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന പിണറായി വിജയനെ പറയുന്നതില്‍ തെറ്റില്ല. അതുകൊണ്ട് നാക്കുപിഴയായി ‘അപ്പന്റെ അപ്പന്‍’ എന്ന പദം മാറ്റിയേക്കാമെന്നു തീരുമാനിച്ചു. ഉടനെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ‘മാപ്പ്’, മുഖ്യമന്ത്രിയുടെ മുകളിലുള്ള ആരായാലും മറുപടി പറയുമെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പറ്റിയത് നാക്കു പിഴയാണ് എന്നാണ് വിശദീകരണം.
ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. മുഖ്യമന്ത്രിയോടും കുടുംബാംഗങ്ങളോടും അദ്ദേഹത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന എല്ലാവരോടും മാപ്പ് പറയുന്നുവെന്ന് നിലമ്പൂര്‍ എം.എല്‍.എ FB വിഡിയോയില്‍ പറഞ്ഞു. മുഖ്യമന്ത്രിയും പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്ന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അന്‍വര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയിരുന്നത്.
മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത് ചില കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാനാണ്. വേണ്ടിവന്നാല്‍ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും അന്‍വര്‍ വെല്ലുവിളിച്ചു. ഇടതുപക്ഷ സ്വതന്ത്രനായിരിക്കുമ്പോള്‍ മുഖ്യമന്ത്രിയെ പിതാവിനു തുല്യമാണെന്നു പറഞ്ഞ അന്‍വറാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ അപ്പനും അപ്പന്റെ അപ്പനും പറഞ്ഞിരിക്കുന്നത്.
രാഷ്ട്രീയത്തില്‍ ഇതൊക്കെ പതിവാണ്. എങ്കിലും കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പിണറായി വിജയനൊപ്പം നിന്ന് പ്രതിപക്ഷത്തെ പഞ്ഞിക്കിട്ട അന്‍വറാണ് ഇന്ന് പിണറായി വിജനെതിരേ വാളെടുത്തിരിക്കുന്നത് എന്നതാണ് കൗതുകം. നിയമസഭയുടെ മുമ്പില്‍ മാധ്യമങ്ങളോട് മുഖ്യമന്ത്രിക്കെതിരേ പറഞ്ഞിട്ട് മിനിട്ടുകള്‍ക്കകം ക്ഷമപറയുകയും ചെയ്യുന്നതാണ് അന്‍വറിന്റെ രാഷ്ട്രീയം.
തമിഴ്‌നാട്ടിലെ ഡി.എം.കെ നേതാക്കളുടെ അടയാളമായ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായിട്ടാണ് നിലമ്പൂര്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. തൊഴിലാളി സമൂഹത്തിന്റെ പ്രതീകം എന്ന നിലയിലാണ് ചുവന്ന തോര്‍ത്ത് സഭയിലേക്ക് കൊണ്ടുവന്നതെന്നും അന്‍വര്‍ പറഞ്ഞിരുന്നു. നിലമ്പൂര്‍ എം.എല്‍.എയ്ക്ക് സീറ്റ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ നാലാംനിരയിലാണ് ഇരിപ്പിടം അനുഗമിച്ചത്.
അന്‍വറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നടപടി. ഇടതുപക്ഷവുമായി എല്ലാ ബന്ധവും അവസാനിപ്പിച്ച സ്വതന്ത്ര അംഗത്തിന് പ്രതിപക്ഷനിരയില്‍ നേരത്തേ സീറ്റ് അനുവദിച്ചിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് സ്പീക്കറെ അറിയിക്കുകയായിരുന്നു. വേറെ ഇരിപ്പിടം അനുവദിച്ചില്ലെങ്കില്‍ നിലത്തിരിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
CONTENT HIGHLIGHTS;”Chief Minister’s father’s father”: Anwar’s ‘tongue’ before media; ‘Forgiveness’ was said through social media